‘മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(25-Mar-2023)

‘മോദിയുടെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. തനിക്ക് ഭയമില്ല, ആജീവനാന്തകാലം അയോഗ്യനാക്കപ്പെടുന്നതോ ജയിലില്‍ അടയ്ക്കപ്പെടുന്നതോ താന്‍ കാര്യമാക്കുന്നില്ല. എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും. പ്രധാനമന്ത്രി മോദിയുടെയും അദാനിയുടെയും ബന്ധത്തെ ചോദ്യം ചെയ്യുന്നത് ഇനിയും തുടരും. സത്യത്തിനുവേണ്ടി ഞാന്‍ പോരാടും. അത് ഇപ്പോള്‍ തന്റെ മുദ്രാവാക്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് പിന്നാലെയാണ് രാഹുലിന്റെ എംപി സ്ഥാനം നഷ്ടമായത്.

'എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ഈ അയോഗ്യത. ഇത് മുഴുവനും പ്രധാനമന്ത്രിയെ പ്രതിരോധിക്കാന്‍ നടത്തിയ നാടകമാണ്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി ആരുടേതാണ്..?''

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി, അതായത് രാജ്യത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ടവരുടെ ശബ്ദം സംരക്ഷിക്കുക. പ്രധാനമന്ത്രിയുമായുള്ള ബന്ധം ചൂഷണം ചെയ്യുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ച് രാജ്യത്തെ ജനങ്ങളോട് സത്യം പറയുക.'', അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലെ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാപ്പ് പറയണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം രാഹുല്‍ തള്ളി. താന്‍ വീര്‍ സവര്‍ക്കറല്ലെന്നും ഗാന്ധി ആരോടും മാപ്പ് പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുന്‍ മണ്ഡലമായ വയനാടിനെ കുറിച്ചം അദ്ദേഹം സംസാരിച്ചു. 'വയനാടുകാരുമായി കുടുംബം പോലെയുള്ള ബന്ധമാണ് താന്‍ പങ്കിടുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ ഒരു കത്തെഴുതും. നിങ്ങള്‍ ശ്രദ്ധ തിരിക്കണമെന്ന് മോദി ബിജെപി നേതാക്കളോട് പറഞ്ഞു. അവര്‍ പ്രധാനമന്ത്രി മോദിയെ ഭയക്കുന്നു,' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم