അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

(www.kl14onlinenews.com)
(30-Mar-2023)

അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: അരിക്കൊമ്പനം പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം.

അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വനം വകുപ്പിന്റേതടക്കമുള്ള, അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്ധ സംഘം തുടർ നടപടി സ്വീകരിക്കുക. അരിക്കൊമ്പനെ മയക്കുവെടി വെക്കാതെ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചിരിക്കുന്നത്. ചിന്നക്കനാലിലടക്കം പോയി സ്ഥിതിഗതികൾ വിലയിരുത്തുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്.

Post a Comment

Previous Post Next Post