ഇതാണ് യഥാര്‍ത്ഥ ടെസ്റ്റ്: ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 1 റണ്ണിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്, പിറന്നത് പുതുചരിത്രം

(www.kl14onlinenews.com)
(01-Mar-2023)

ഇതാണ് യഥാര്‍ത്ഥ ടെസ്റ്റ്: ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 1 റണ്ണിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്, പിറന്നത് പുതുചരിത്രം
ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് കീവീസ്. ആവേശം അവസാന നിമിഷം വരെ നിറഞ്ഞുനിന്ന മത്സരത്തില്‍ 1 റണ്ണിനായിരുന്നു ആതിഥേയരുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1).

47/1 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗ് പുന:രാരംഭിച്ചത്. അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 210 റണ്‍സാണ് വേണ്ടിയിരുന്നത്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് 4 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയലക്ഷ്യം അത്ര വിദൂരമല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. നായകന്‍ ബെന്‍ സ്‌റ്റോക്‌സും ജോ റൂട്ടും 6-ാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചു കൊണ്ട് നെയ്ല്‍ വാഗ്നര്‍ കീവീസിനെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. സ്‌റ്റോക്‌സിനെയും റൂട്ടിനെയും വാഗ്നര്‍ മടക്കി അയച്ചു. ജയിക്കാന്‍ വെറും 7 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ജാക്ക് ലീച്ച് സിംഗിള്‍ എടുത്തു. തുടര്‍ന്ന് ജയിംസ് ആന്‍ഡേസ്ണ്‍ ബൗണ്ടറി കൂടി നേടിയതോടെ മത്സരം പ്രവചനാതീതമായി. ജയിക്കാന്‍ 2 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണെയും പുറത്താക്കി വാഗ്നര്‍ കീവീസിന് സ്വപ്‌ന തുല്യമായ വിജയം സമ്മാനിക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം 1 റണ്ണിന്റെ ജയം സ്വന്തമാക്കുന്നത്. 1993ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ വെസ്റ്റ് ഇന്‍ഡീസാണ് ഇതിന് മുമ്പ് സമാനമായ വിജയം നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഫാളോ ഓണിന് ശേഷം ഒരു ടീം വിജയിക്കുന്ന നാലാമത്തെ മത്സരമെന്ന സവിശേഷതയുമുണ്ട്.


Post a Comment

Previous Post Next Post