(www.kl14onlinenews.com)
(06-FEB-2023)
അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. 641 പേർ മരിച്ചതായാണു നിലവിലെ വിവരം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സിറിയയിലാണ് മരണസംഖ്യ കൂടുതൽ. നൂറുകണക്കിനു പേർക്ക് പരുക്കേറ്റു.
നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. കെട്ടിടങ്ങൾക്കിടയിൽനിന്ന് ആളുകളെ പുറത്തെടുക്കുകയാണു രക്ഷാപ്രവർത്തകർ. ലെബനനിലും ഭൂചലനം അനുഭവപ്പെട്ടു.
സിറിയൻ അതിർത്തിയിൽനിന്ന് 90 കിലോമീറ്റർ അകലെ ഗാസിയാൻടെപ് നഗരത്തിനു വടക്കുഭാഗത്താണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന മേഖലയാണിത്. കെയ്‌റോ വരെ ഭൂചലനം അനുഭവപ്പെട്ടു
ഭൂകമ്പമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി നിരവധി സംഘങ്ങളെ അയച്ചതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു. “നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ എത്രയും വേഗം അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
വടക്കൻ നഗരമായ അലപ്പോയിലും പ്രധാന നഗരമായ ഹാമയിലും ചില കെട്ടിടങ്ങൾ തകർന്നതായി സിറിയൻ മാധ്യമങ്ങല്‍ റിപ്പോർട്ട് ചെയ്തു. ഡമാസ്‌കസിൽ കെട്ടിടങ്ങൾ കുലുങ്ങിയതിന് പിന്നാലെ നിരവധി പേർ തെരുവിലിറങ്ങി. ലെബനനില്‍ 40 സെക്കന്‍ഡോളം കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായാണ് വിവരം.
ഗാസിയാൻടെപ്പിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. നൂർദാഗി നഗരത്തില്‍ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുമാണിത്.
ആദ്യ ഭൂചലനത്തിന് പത്ത് മിനുറ്റുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. 6.7 തീവ്രതയാണ് രണ്ടാമത്തെ ഭൂചലനത്തിനുണ്ടായിരുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഹ്‌റമൻമാരാസ് പ്രവിശ്യയിലെ പസാർസിക് നഗരത്തില്‍ അനുഭവപ്പെട്ടതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയായ എഎഫ്എഡി അറിയിച്ചു.
إرسال تعليق