(www.kl14onlinenews.com)
(08-FEB-2023)
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ആക്ഷേപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബൈയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തെഴുതിയത്. അവകാശ ലംഘനത്തിനാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. തെളിവുകളില്ലാതെ പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ ആക്ഷേപം നടത്തിയെന്നാണ് രാഹുലിനെതിരെയുള്ള ആരോപണം.
ഗൗതം അദാനിയുമായുള്ള മോദിയുടെ ബന്ധത്തിന്റെ പേരില്‍ സഭയെ തെററിദ്ധരിപ്പിച്ച് അവഹേളിച്ചുവെന്നാണ് ദുബൈ പരാതിപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് ചങ്ങാതി മുതലാളിത്തമാമെണെന്നും രാഹുല്‍ പറഞ്ഞു എന്നാണ് എംപി ആരോപിക്കുന്നത്.
ഓഹരി വിപണിയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. സഭയെ തെറ്റിദ്ധരിപ്പിക്കുകയും ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തുവെന്നാണ് രാഹുലിനെതിരെയുള്ള ആരോപണം. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.
പാര്‍ലമെന്ററി വിരുദ്ധവും സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളാണ് രാഹുല്‍ നടത്തിയത്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും മര്യാദയില്ലാത്തതും സഭയുടെ അന്തസ്സിനെ മാനിക്കാത്തതുമായ കാര്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചതെന്നും കത്തില്‍ പറയുന്നു.
'തന്റെ പ്രസ്താവനകളെ പിന്തുണയ്ക്കുന്നതിന് കൃത്യമായ ആധികാരിക രേഖയൊന്നും രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചിട്ടില്ല. ഡോക്യുമെന്ററി തെളിവുകളുടെ ഇല്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്,' ദുബെ കത്തില്‍ വ്യക്തമാക്കി.
'രാഹുലിന്റെ പ്രസ്താവന സഭാംഗങ്ങളുടെ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ്, കൂടാതെ സഭയെ അവഹേളിക്കുകയും ചെയ്തിരിക്കുകയാണ്. അവകാശ ലംഘനത്തിനും സഭയെ അവഹേളിച്ചതിനും ശ്രീ രാഹുല്‍ ഗാന്ധിക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിക്കും ഓഹരി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ഗൗതം അദാനിക്കും എതിരെ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. മോദി ഗൗതം അദാനിയുടെ ബിസിനസ്സ് മേഖലകളില്‍ സഹായിക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്.
Post a Comment