യുവതിയെ കൊലപ്പെടുത്തി മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച സംഭവം; പ്രതി പിടിയില്‍

(www.kl14onlinenews.com)
(03-FEB-2023)

യുവതിയെ കൊലപ്പെടുത്തി മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച സംഭവം; പ്രതി പിടിയില്‍
കാസർകോട് :
നീതു കൊലക്കേസ് പ്രതി തിരുവനന്തപുരത്ത് പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നീതുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ നീതുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

ശ്വാസം മുട്ടിയാണ് നീതു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. യുവതിയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും കഴുത്ത് ഞെരിച്ചിരുന്നതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.
ഏല്‍ക്കാനത്തുളള റബ്ബര്‍തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായാണ് നീതുവും ആന്റോയും ബദിയടുക്കയില്‍ എത്തിയത്. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് അയല്‍വാസികളാണ് വീടിനുളളില്‍ കയറി നോക്കിയത്. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നീതുവും പ്രതിയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ആന്റോ ഇതിനുമുമ്പും മറ്റ് പല കേസുകളിലും പ്രതിയാണ്.


Post a Comment

Previous Post Next Post