രാഹുല്‍ അടുത്ത യാത്രക്കൊരുങ്ങുന്നു; ഇത്തവണ നടക്കുക കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്

(www.kl14onlinenews.com)
(27-FEB-2023)

രാഹുല്‍ അടുത്ത യാത്രക്കൊരുങ്ങുന്നു; ഇത്തവണ നടക്കുക കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്
റായ്പൂര്‍: പ്ലീനറി സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന മറ്റൊരു യാത്രക്കൊരുങ്ങി കോണ്‍ഗ്രസ്. ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറേക്കാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടക്കുക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പുവരെ ഭാരത് ജോഡോ യാത്ര നല്‍കിയ ആവേശം നിലനിര്‍ത്തലാണ് പുതിയ യാത്രയുടെ ലക്ഷ്യം.
ഭാരത് ജോഡോ യാത്രക്കിടെ തന്നെ മറ്റൊരു യാത്രയെ കുറിച്ചുള്ള സംസാരങ്ങളുണ്ടായിരുന്നു. എന്നാല്‍ രൂപരേഖയുണ്ടായിരുന്നില്ല. പക്ഷെ രാഹുല്‍ ഗാന്ധി തന്റെ യാത്ര തുടരുമെന്ന സൂചന പ്ലീനറി സമ്മേളന വേദിയില്‍ നല്‍കി.
നേരത്തെ ജയറാം രമേശ് കിഴക്ക്-പടിഞ്ഞാറ് യാത്രയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് നേരത്തെ പിടിഐയോട് പറഞ്ഞിരുന്നു. അരുണാചല്‍ പ്രദേശിലെ പാസിഗട്ടില്‍ നിന്നാരംഭിച്ച് ഗുജറാത്തിലെ പോര്‍ബന്തറില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും യാത്ര. ഭാരത് ജോഡോ യാത്രയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ നടക്കുന്ന ഈ യാത്ര ജൂണിലോ നവംബറിലോ നടക്കുമെന്നും പറഞ്ഞിരുന്നു.
അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് സമ്മേളനത്തിലെ കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ജാതി സെന്‍സസ് നടത്തും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ രോഹിത് വെമുല നിയമം പ്രാവര്‍ത്തികമാക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്. പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം.
താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്‍പോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു.


Post a Comment

Previous Post Next Post