(www.kl14onlinenews.com)
(06-FEB-2023)
കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെയും ഫ്ലക്സ് ബോർഡുകളുടെയും കാര്യത്തിൽ കോടതിയെ സർക്കാർ പരിഹസിക്കുകയാണോയെന്ന് ഹൈകോടതി. പലതവണ ഉത്തരവിട്ടിട്ടും ഇവ നീക്കാൻ സർക്കാർ നടപടിയെടുക്കാത്തതിൽ അമർഷം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ഉന്നയിച്ചത്. സർക്കാറിലെ ഉന്നതരുടെ മുഖങ്ങളാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. കൊച്ചിയിലെ മാലിന്യ നിർമാർജന കോൺഫറൻസിന്റെ ഭാഗമായി റോഡ് മുഴുവൻ ബോർഡുകളാണ്. ഉത്തരവുകൾ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോൽപിക്കാമെന്നാണ് കരുതുന്നത്.
സർക്കാർതന്നെ നിയമം ലംഘിക്കുമ്പോൾ പിന്നെ ആരോടാണ് പറയേണ്ടത്. കോടതിയുടെ ക്ഷമ ബലഹീനതയായി കാണരുതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ബോർഡുകൾ സംബന്ധിച്ച് കോടതി ജനുവരി 24ന് വ്യവസായ സെക്രട്ടറിയുടെ വിശദീകരണം തേടിയിരുന്നു. ഈ ബോർഡുകളെല്ലാം നഗരസഭ നീക്കംചെയ്യേണ്ട സാഹചര്യമാണെന്ന് വിലയിരുത്തിയായിരുന്നു നിർദേശം.
തിങ്കളാഴ്ച വീണ്ടും ഹരജി പരിഗണിക്കവെ, വിശദീകരണത്തിന് രണ്ടു ദിവസംകൂടി സർക്കാർ തേടി. ഇതിനെ വിമർശിച്ച കോടതി, ഇനി വീഴ്ചയുണ്ടായാൽ ബുധനാഴ്ച ഹരജി പരിഗണിക്കുമ്പോൾ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപംനൽകിയ പ്രാദേശിക സമിതികളെക്കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും സർക്കാർ ഫ്ലക്സ് ബോർഡുകൾ വെക്കും, നഗരസഭ നീക്കും എന്നതാണ് സ്ഥിതിയെന്നും കോടതി വിമർശിച്ചു. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നിലപാട് അറിയിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു.
إرسال تعليق