അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം: നിക്ഷേപകരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി

(www.kl14onlinenews.com)
(10-FEB-2023)

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദം: നിക്ഷേപകരുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി
ഡൽഹി : അദാനി വിവാദം ചൂട് പിടിക്കുന്നതിനിടെ ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന് ആശങ്കയുള്ള കാര്യമെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാൻ എന്ത് ചെയ്യാനാകുമെന്നും കോടതി കേന്ദ്രത്തോടും സെബിയോടും ചോദിച്ചു. നിലവിലുള്ള രീതികൾ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധ സമിതിയെ കുറിച്ച് ആലോചിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച ഈക്കാര്യങ്ങളിൽ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

എന്നാൽ ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അമേരിക്കയിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിൽ എത്തിയെന്നാണ് ബിസിനസ് രംഗത്തെ വാർത്ത. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും നടപടികളായില്ല. സംഭവത്തിൽ പല കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. ഇതിനിടെയാണ് വാച്ടെലുമായി ധാരണയിലെത്തിയെന്ന വിവരം പുറത്ത് വരുന്നത്.

അമേരിക്കയിലെ നിയമ സ്ഥാപനമായ വാച്ടെൽ കോർപറേറ്റ് രംഗത്തെ കേസുകൾ വാദിക്കുന്നതിൽ പ്രധാനികളാണ്. അമേരിക്കയിലെ തന്നെ മൂന്ന് നാല് സ്ഥാപനങ്ങളുമായി അദാനി കമ്പനി ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ അവസാനമാണ് വാച്ടെലിൽ എത്തിയത്. ഇവർക്ക് മുൻപ് പല കേസുകളും വാദിച്ച് പരിചയമുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി എത്തിയത്.


Post a Comment

أحدث أقدم