(www.kl14onlinenews.com)
(10-FEB-2023)
ഭൂകമ്പത്തിന് പിന്നാലെ സിറിയയിൽ വെള്ളപ്പൊക്കവും. അതിരൂക്ഷമായ ഭൂകമ്പം സൃഷ്ടിച്ച നാശനഷ്ടത്തിൽ നിന്നും കരകയറുന്നതിനിടെയാണ് വെള്ളപ്പൊക്കം. ശക്തമായ ഭൂചലനത്തിൽ അണക്കെട്ടുകൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതേസമയം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 21,000ത്തിൽ അധികം പേർ മരിച്ചിരുന്നു.
സിറിയൻ നഗരമായ അൽ തൗൾ വെള്ളപ്പൊക്കത്തിൽ തകർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തുർക്കി അതിർത്തിയോട് ചേർന്നാണ് ഈ നഗരം. വെള്ളപ്പൊക്കത്തിന് പിന്നാലെ ആളുകൾ പലയിടങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. നഗരത്തിലെ നിരവധി പേർ ഭൂകമ്പത്തിൽ മരിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടുത്തെ ചെറിയ അണക്കെട്ട് പൊട്ടിയതായാണ് വിവരം.
പ്രദേശത്തെ ഒരു ചെറിയ അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാരെത്തി മണൽ ചാക്കുകൾ ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തി. എന്നാൽ അത് ഫലപ്രദമായില്ല. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീകമായി ഉയരുകയും തകരുകയും ചെയ്തു. വയലുകളിലും വീടുകളിലും വെള്ളം കയറി. എല്ലാം നശിച്ചുവെന്ന് അൽ താലൂൽ നിവാസിയായ അബ്ദുൽ റഹ്‌മാൻ പറഞ്ഞു.
സിറിയയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ വീഡിയോ പുറത്തു വന്നിരുന്നു. റോഡുകളടക്കം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ 500ൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരെല്ലാം ഭൂകമ്പത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും തങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയൊന്നും നിലവിൽ ഇല്ലെന്നും പ്രദേശവാസികൾ പറയുന്നു.
إرسال تعليق