ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി

(www.kl14onlinenews.com)
(27-FEB-2023)

ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി
ഒട്ടേറെ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കണ്ണൂര്‍ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിന്റെ കൊലപാതകത്തിലും സ്വര്‍ണക്കടത്ത് കേസുകളിലും ഇയാള്‍ പ്രതിയാണ്. അടുത്തിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ആകാശ് ജാമ്യമെടുത്തിരുന്നു.

ഡിവെഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കടുക്കുന്നതിന് ഇടയിലാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ഡിവൈഎഫ്ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പോലീസിന് പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് വനിതാ നേതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post