കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ല, പ്രഖ്യാപനവുമായി ധനമന്ത്രി

(www.kl14onlinenews.com)
(08-FEB-2023)

കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ല, പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിൽ വിവാദമായ ഇന്ധന സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി നിർദേശങ്ങളിൽ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിന്‍മേലുളള പൊതുചര്‍ച്ചയിൽ മന്ത്രി വ്യക്തമാക്കി. പിന്നാലെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇന്ധന സെസ് രണ്ട് രൂപയായി വർധിപ്പിച്ചത്, ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

'ഇന്ധന സെസ് ഒരു രൂപ കുറക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് ചർച്ച ചെയ്യാൻ പോയാൽ യഥാർത്ഥ പ്രശ്നങ്ങൾ ആരാണ് ചർച്ച ചെയ്യുക? ബജറ്റിൽ സർക്കാറിന് ലക്ഷ്യബോധം ഇല്ല എന്ന് പറയുന്നതാണോ ശെരി. രൂക്ഷമായ അവസ്ഥ കാണാതെ , ബജറ്റിനെ വിലയിരുത്തുന്നത് ശരിയല്ല. ഈ സർക്കാറിന് ലക്ഷ്യബോധമുണ്ട്,അത് കൃത്യമായി ബജറ്റിൽ കാണാം. സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങൾ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റിൽ കോർപ്പറേറ്റുകൾക്കാണ് നികുതി ഇളവ് ഉണ്ടായത്. അവർ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ പ്രതികരണം നൽകി.എന്നാൽ സംസ്ഥാനത്തെ കോൺഗ്രസുകാർ കണ്ടതായി നടിച്ചില്ല.
'പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്നു. യുഡിഎഫ് നേതാവിന് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു. കേരളത്തിന് കിട്ടാനുള്ളത് കിട്ടണം എന്നാണ് പറയേണ്ടത്. എ പി അനിൽകുമാർ പറയുന്നത് കേന്ദ്രം പറയുന്ന അതേ കണക്ക് ആണ്. കേരളത്തിന് കിട്ടാനുള്ളത് കിട്ടണം എന്ന് തന്നെ പറയണം. പൊതു സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേന്ദ്രം ഇറച്ചി വിലക്ക് വിറ്റ സ്ഥാപനങ്ങൾ, വില കൊടുത്ത് വാങ്ങുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയം. പരിമിതിക്ക് ഉള്ളിൽനിന്ന് കാര്യങ്ങൾ ചെയ്യുന്നത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയം,' ധനമന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post