അധികാരത്തിലെത്തിയാൽ ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, ജാതി സെൻസസ് സംഘടിപ്പിക്കും; കോൺ​ഗ്രസ് പ്രമേയം

(www.kl14onlinenews.com)
(26-FEB-2023)

അധികാരത്തിലെത്തിയാൽ ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, ജാതി സെൻസസ് സംഘടിപ്പിക്കും; കോൺ​ഗ്രസ് പ്രമേയം
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോൺ​ഗ്രസ് പ്രമേയം. പിന്നോക്ക വിഭാ​ഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ജാതി സെൻസസ് നടത്തും. ദുർബലരുടെ അന്തസ് സംരക്ഷിക്കാൻ രോഹിത് വെമുല നിയമം പ്രാവർത്തികമാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
വനിത കമ്മീഷന് ഭരണഘടന പദവി നൽകുമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്. പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം.
താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാർട്ടി മുൻപോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനമാണ് ഇന്ന് സമാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കുക.


Post a Comment

Previous Post Next Post