കോണ്‍ഗ്രസിന്റേത് ജനപിന്തുണയില്ലാത്ത സമരമെന്ന് മുഖ്യമന്ത്രി; ആകാശ് തില്ലങ്കേരിയെ പോലെ കില്ലര്‍ സ്‌ക്വാഡില്ലെന്ന് ഷാഫി പറമ്പില്‍

(www.kl14onlinenews.com)
(27-FEB-2023)

കോണ്‍ഗ്രസിന്റേത് ജനപിന്തുണയില്ലാത്ത സമരമെന്ന് മുഖ്യമന്ത്രി; ആകാശ് തില്ലങ്കേരിയെ പോലെ കില്ലര്‍ സ്‌ക്വാഡില്ലെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നടത്തുന്ന കരിങ്കൊടി സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ നടപടികളിൽ പ്രതിഷേധം ഉള്ളവർ സാധാരണ നിലയിൽ മുൻകൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തിയാണ് സമരം നടത്താറുള്ളത്. തികച്ചും അപകടകരമായ രീതിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപിയും പ്രതിഷേധം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. എറണാകുളത്തു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ ഷാഫി പറമ്പിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി
യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തി എന്ന് ആരോപിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരി 21 ന് മാർച്ച്‌ നടത്തി. പൊലീസുകാരുടെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമത്തിൽ ആറ് സിവിൽ പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎ പൊലീസ് സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയാണുണ്ടായത്. സംഭവത്തിൽ ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഷാഫി പറമ്പിൽ എംഎൽഎ മറുപടി പറഞ്ഞു. അസഹിഷ്ണുതയുടെ മൊത്തക്കച്ചവടുമായി സഭയിൽ വന്നിരിക്കരുത്. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി മാറി പിണറായി ഭരണം. എല്ലാറ്റിനും നികുതി വർദ്ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടേയും അടിമകളല്ല. പുന്നപ്ര വയലാർ സമരത്തിന്റെ ചരിത്രം പറയുന്നവർ എന്തിനാണ് കറുത്ത തുണി കൊണ്ടുള്ള സമരത്തെ ഭയക്കുന്നത്. പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കാലടിയിൽ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എത്തിയവരോട് പൊലീസ് കാണിച്ചത് നമ്മൾ കണ്ടതല്ലേ. ആകാശ് തില്ലങ്കേരി പുറത്ത് പാട്ടും പാടി നടക്കുമ്പോൾ പി കെ ഫിറോസിനെ പോലുള്ളവരെ അറസ്റ്റ് ചെയ്യുന്നു. ഞങ്ങൾക്ക് ആത്മഹത്യ സ്ക്വഡും ആകാശ് തില്ലങ്കേരിയെ പോലെ കില്ലർ സ്ക്വഡും ഇല്ല. സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും കൊണ്ട് നടക്കുന്ന രീതി ശരിയല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
സമരം പാടില്ല എന്ന നിലപാട് ആരോ സ്വീകരിച്ചു എന്ന രീതിയിലാണ് പ്രമേയ അവതാരകൻ സംസാരിച്ചതെന്ന് ഷാഫി പറമ്പലിന്റെ പ്രസം​ഗത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കറുപ്പിന് വിലക്കില്ല. കറുപ്പ് കാണിക്കാൻ പാടില്ല, മാസ്ക് പാടില്ല എന്നതൊന്നും ഞങ്ങൾ സ്വീകരിച്ച നിലപാട് അല്ല. കറുപ്പ് വിരോധം പടച്ചുവിട്ടത് മാധ്യമങ്ങളാണ്. സർക്കാരിനെ അപമാനിക്കാനായി ചില മാധ്യമങ്ങൾ ഇല്ലാ കഥ പറയുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്ലീനറി സമ്മേളനം കോൺ​ഗ്രസുകാർക്ക് ആവേശം നൽകിയിട്ടുണ്ട്. പക്ഷെ അതിനനുസരിച്ച് കോൺഗ്രസും മാറണം. കോൺഗ്രസ് അനാവശ്യമായി സ്വയം ഇകഴ്ത്തുകയാണ്. മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് കണ്ടു. പഴയ വിജയനായിരുന്നെങ്കിൽ ഇതിനു നേരത്തെ മറുപടി നൽകിയേനെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനവ്യൂഹം തന്റെ ദൗർബല്യമായി കാണേണ്ടതില്ല. സംസ്ഥാന ഗവർണർക്കും വയനാട് മണ്ഡലത്തിലെ രാഹുൽഗാന്ധിക്കും നൽകുന്ന സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കും ഉള്ളു. ചില സാഹചര്യങ്ങളിൽ അത്യഹിതങ്ങൾ ഒഴിവാക്കാൻ സുരക്ഷ അധികമാക്കേണ്ടി വരുന്നുണ്ട്. തന്റെ നിർദേശം അനുസരിച്ച് വാഹനവ്യൂഹം ഒരുക്കുക അല്ല ചെയ്യുന്നത്. രാഷ്ട്രീയമായ കാര്യങ്ങൾ വച്ച് എന്തിനെയും എതിർക്കുക എന്ന കാര്യമാണ് ഇപ്പോൾ കോൺഗ്രസ്‌ ചെയ്യുന്നത്. സഭ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതായി സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.

Post a Comment

Previous Post Next Post