മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

(www.kl14onlinenews.com)
(04-FEB-2023)

മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കൊച്ചി : സംസ്ഥാന ബജറ്റിലെ വിലവർധന പ്രഖ്യാപനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ ഗസ്റ്റ്ഹൗസിൽ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസിൽ നിന്നു പുറത്തേക്കിറങ്ങിയത്.

ഇന്നു ജില്ലയിൽ മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നിൽ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈൻ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അതേസമയം ഇന്നു രാവിലെ മുഖ്യമന്ത്രി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 മിനിറ്റിലേറെ നീണ്ട ചർച്ചയാണ് ഇരുവരും തമ്മിലുണ്ടായത്. ജഡ്ജിമാർക്കു കൈക്കൂലി നൽകാൻ എന്ന പേരിൽ അഭിഭാഷക സംഘടനാ നേതാവ് കക്ഷികളിൽനിന്നു കൈക്കൂലി വാങ്ങി എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. അതേസമയം ഇക്കാര്യത്തിൽ എന്തെങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.

ഗസ്റ്റ് ഹൗസിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നസാഹചര്യത്തിൽ പാർട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. ബജറ്റിലെ വിലവർധന സംബന്ധിച്ച് ചർച്ചകൾ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.

ബജറ്റ് വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

Post a Comment

أحدث أقدم