ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി

(www.kl14onlinenews.com)
(08-FEB-2023)

ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി
മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ തീര്‍ത്ഥാടത്തിനാവശ്യമായ തുക തീര്‍ത്ഥാടകര്‍ സ്വയം കരുതേണ്ടി വരും. ഹാജിമാരുടെ കൈയ്യില്‍ പണം കരുതാനുളള രീതി ഇനിയുണ്ടാവില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. വര്‍ഷങ്ങളായി 2100 റിയാലാണ് ഹാജിമാരുടെ കൈയില്‍ കരുതാനായി യാത്രയ്ക്ക് തൊട്ട് മുമ്പ് വിമാനത്താവളങ്ങളില്‍ നിന്നും വിതരണം ചെയ്തിരുന്നത്. തീര്‍ത്ഥാടകര്‍ അടച്ച തുകയില്‍ നിന്നാണ് ഈ പണം നല്‍കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഈ രീതിക്ക് മാറ്റം വരുത്തി തീര്‍ത്ഥാടകര്‍ ത്‌ന്നെ പണം കൈവശം കരുതണം എന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.

റിയാലായി മാറ്റുന്നതിന് കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് തുക അനുവദിക്കാറുള്ളത്. യാത്രാ വേളയില്‍ ഹാജിമാര്‍ അധികമായി വാങ്ങുന്ന റിയാലിന്റെ നിരക്കുമായി വന്‍ വ്യത്യാസം ഈ തുകയിലുണ്ടാകാറുണ്ട്. അതേസമയം ഹജ്ജിന് പോകുന്നവര്‍ ചെലവിനുള്ള പണം സ്വയം കൈവശം വെക്കുന്ന രീതി മുമ്പുണ്ടായിരുന്നു. എന്നാല്‍ പലരും പൈസയില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകരില്‍ നിന്നും നേരത്തേ പണം വാങ്ങി വെക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പണം റിയാലാക്കി മാറ്റി എല്ലാവര്‍ക്കുമായി നല്‍കാന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു

പുതിയ തീരുമാനപ്രകാരം ഹജ്ജിന്റെ യാത്രാ ചെലവിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നല്‍കേണ്ട തുകയില്‍ കുറവ് വരുമെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ഗുണകരമായേക്കില്ല. യാത്രാ ചെലവ് കുറച്ചെന്ന് വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ആരോപണമുണ്ട്. എന്നാല്‍ യാത്രക്കാവശ്യമായ തുക കൈവശം കരുതേണ്ടി വരുമെന്നതിനാല്‍ ചെലവില്‍ കുറവൊന്നും ഉണ്ടാവില്ലെന്നും വാദമുണ്ട്

Post a Comment

أحدث أقدم