സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്': ഡിവൈഎഫ്ഐ

(www.kl14onlinenews.com)
(10-FEB-2023)

സുരേന്ദ്രന്റെ വായിൽ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താൽ പോവാത്തതാണ്': ഡിവൈഎഫ്ഐ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശം സ്ത്രീത്വത്തെ അവഹേളിക്കുന്നതും അധിക്ഷേപകരവുമാണെന്ന് ഡിവൈഎഫ്‌ഐ. സുരേന്ദ്രന്റെ വായില്‍ കൂടി പ്രവഹിക്കുന്ന മാലിന്യം ചൂല് കൊണ്ട് തൂത്താല്‍ പോവാത്തതാണെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.

നിക്ഷിപ്ത താല്‍പര്യത്തിന് വേണ്ടി മാധ്യമ സഹായത്തോടെ പൊതു ബോധം നിര്‍മിച്ചെടുക്കുകയും അത് വഴി വ്യക്തികളെ തേജോവധം ചെയ്യുകയുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന് നിലയില്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റേയും ആ രാഷ്ട്രീയ പാര്‍ട്ടിയുടേയും സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണ്. സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ചിന്തജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കിയടിക്കണമെന്നും, കേരളത്തിന്റെ മുഖ്യമന്ത്രിയും സംഘവും ചെയ്യുന്നതിനേക്കാള്‍ സമൂഹത്തിന് ഉപകാരം പശുക്കളെ കൊണ്ടാണെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. പശുക്കള്‍ പാലെങ്കിലും തരുന്നുണ്ട്. പശു കാരണം കൃഷി നന്നാവുന്നുമുണ്ട്. എന്നാല്‍ പശുവിനെക്കൊണ്ട് ഉണ്ടാകുന്ന പ്രയോജനം പോലും പിണറായി സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Post a Comment

Previous Post Next Post