ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ്; ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിർത്തി 2023

(www.kl14onlinenews.com)
(07-FEB-2023)

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ്; ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത നിലനിർത്തി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ചെന്നൈ എഫ്.സിക്കെതിരെ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
38-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയും 64-ാം മിനിറ്റിൽ കെ പി രാഹുലുമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ​ഗോളടിച്ചത്. അബ്ദെനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വല കുലുക്കിയത്.

കളിത്തട്ടുണർന്ന് രണ്ടാം മിനിട്ടിൽ ചെന്നൈയിൻ ലീഡ് നേടി ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. എന്നാൽ ലൂണയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ലീഡും ജയവും പിടിച്ചുവാങ്ങിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വിക്ടർ മോംഗിലിന്റെ പിഴവിൽ നിന്നാണ് ചെന്നൈയിൻ ആദ്യം ലീഡ് നേടിയത്. പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യുന്നതിൽ മോംഗിൽ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.

മനോഹര ഗോളിലൂടെയാണ് 38-ാം മിനിറ്റിൽ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്. സഹലിന്റെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് വിദഗ്ദ്ധമായി തട്ടിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിടുകയായിരുന്നു. 64-ാം മിനിട്ടിൽ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ കെ പി രാഹുൽ ബ്ലാസ്റ്റേഴ്സിന് ജയം സമ്മാനിച്ചു.

17 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്ലാസ്റ്റേഴ്സ് 10 ജയം ഉൾപ്പടെ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ചെന്നൈയ്ക്ക് 17 മത്സരങ്ങളിൽനിന്ന് 18 പോയിന്‍റ് മാത്രമാണുള്ളത്. 43 പോയിന്‍റുള്ള മുംബൈയും 36 പോയിന്‍റുള്ള ഹൈദരാബാദുമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. 27 പോയിന്‍റ് വീതമുള്ള ഗോവ, എടികെ മോഹൻ ബഗാൻ ടീമുകളാണ് ബ്ലാസ്റ്റേഴ്സിന് ഭീഷണി ഉയർത്തുന്നത്.


Post a Comment

Previous Post Next Post