മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അന്തരിച്ചു

(www.kl14onlinenews.com)
(01-FEB-2023)

മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അന്തരിച്ചു
കാസർകോട് :തളങ്കര, 
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്. കാസർകോട് നഗരസഭ ചെയർമാനായിരുന്ന ടി ഇ അബ്ദുള്ള മുൻ എംഎൽഎ ടി എ ഇബ്രാഹിമിന്റെ മകനാണ്.

പതിവ് പരിശോധനയ്ക്കായി ജനുവരി 18ന് ആശുപത്രിയിലെത്തിയ ടി ഇ അബ്ദുള്ളയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരുന്നു. രക്തം ഛര്‍ദിച്ച് നില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ഒന്നര മാസം മുമ്പ് ട്രെയിനില്‍ കൊച്ചിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ടി ഇ അബ്ദുള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവസങ്ങളോളം നീണ്ട ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച് നാട്ടില്‍ എത്തിയിരുന്നു. പ്രധാന പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഏറ്റവും ഒടുവിലായി മുസ്ലീം ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരെഞ്ഞടുക്കുന്ന യോഗത്തിലും മാലിക് ദീനാര്‍ ഉറൂസ് പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു. അതിനിടെയാണ് വീണ്ടും ഈ മാസം 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

ഉത്തരകേരളത്തില്‍ മുസ്ലിം ലീഗിന് ജനകീയ മുഖം നല്‍കിയ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1959 മാര്‍ച്ച് 18ന് തളങ്കര കടവത്താണ് ജനനം.
എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്‌കൂള്‍ ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1978ല്‍ തളങ്കര വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2008 മുതല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.
1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.ഇ അബ്ദുല്ല 2000ല്‍ തളങ്കര കുന്നില്‍ നിന്നും 2005ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു.
മൂന്ന് തവണ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തിരഞ്ഞെടുത്തിരുന്നു.
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷന്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പഴയകാല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.

Post a Comment

أحدث أقدم