ഇന്ധന സെസ്: പ്രതിഷേധ നടത്തവുമായി പ്രതിപക്ഷ എംഎൽഎമാർ

(www.kl14onlinenews.com)
(09-FEB-2023)

ഇന്ധന സെസ്: പ്രതിഷേധ നടത്തവുമായി പ്രതിപക്ഷ എംഎൽഎമാർ
തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ എംഎൽഎമാർ. എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് പോയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ യാത്ര. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ ബാനറുമായിട്ടായിരുന്നു എംഎൽഎമാരുടെ യാത്ര. സഭയ്ക്ക് അകത്ത് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എംഎൽഎമാർ അറിയിച്ചു.

ഇന്നു നിയമസഭ ചോദ്യോത്തരവേള മുതൽ സഭയിൽ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയ്ക്ക് പുറത്ത് യുഡിഎഫ് പ്രവർത്തകർ സമരം കടുപ്പിക്കും. അതേസമയം, പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവരുടെ സഭാ കവാടത്തിലെ സത്യാഗ്രഹ സമരം നാലാം ദിവസവും തുടരുകയാണ്.

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തള്ളിയിരുന്നു. പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും ധനമന്ത്രി പരിഹസിച്ചു.

നികുതി വര്‍ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

വരുമാന വർധന ലക്ഷ്യമിട്ട് ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹന, കെട്ടിട നികുതിയും വര്‍ധിപ്പിച്ചും കൊണ്ടായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും രണ്ടു രൂപയാണ് സെസ് ഏര്‍പ്പെടുത്തിയത്. മദ്യത്തിന് അധിക സെസും ഏർപ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post