(www.kl14onlinenews.com)
(06-FEB-2023)
അദാനി വിഷയം കേന്ദ്രസർക്കാർ
ഡൽഹി :സാമ്പത്തിക ആരോപണം ഉയർന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണെന്നും രാഹുൽ ആരോപിച്ചു.
“അദാനി ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മോദി ജീ ശ്രമിക്കുന്നുണ്ട്”. രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‍സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു. ഗാന്ധി പ്രതിമക്ക് മുന്‍പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍ലമെന്റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം ശക്തമാകുകയായിരുന്നു. തുടർന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.
അദാനി സർക്കാർ ഷെയിം ഷെയിം മുദ്രാവാക്യങ്ങളോടെയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ഭൂരിഭാഗം കമ്പനികളുടേയും ഓഹരി മൂല്യം ഇന്നും ഇടിഞ്ഞു. പ്രതിസന്ധി രൂക്ഷമായതിനാൽ അടുത്ത ഒരു വർഷത്തേക്ക് വലിയ പണചെലവുള്ള പുതിയ പദ്ധതികൾ കമ്പനി നടപ്പാക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ബോണ്ടുവഴി വൻ തുക സമാഹരിക്കാനുള്ള നീക്കം പാളിയതോടെയാണ് ചെലവ് ചുരുക്കിയുള്ള പരീക്ഷണം.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിൽ നിന്ന് അദാനിക്ക് ഇന്നും മോചനമില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ആ കണക്കിലേക്ക് ഇന്ന് എത്ര ചേർക്കണമെന്ന് മാത്രമാണ് ഇന്ന് അറിയേണ്ടത്. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്രമാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്. എസിസി അംബുജാ സിമന്റ്‌സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വ്യായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് പണം ഗണ്യമായി ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉപേക്ഷിക്കേണ്ടി വന്നു. സ്ഥിതി ഈ വിധമെങ്കിൽ അടുത്ത 12 മാസം കൊണ്ട് കമ്പനി ലക്ഷ്യമിടുന്ന വളർച്ച കൈവരിക്കാൻ ഇനി 2 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. ഈ സമയം വലിയ ബാധ്യതയാവുന്ന പദ്ധതികൾ ഏറ്റെടുക്കുക ബുദ്ധിമുട്ടാവും.
إرسال تعليق