പാകിസ്ഥാനിലേക്ക് പ്രവേശിച്ചു; കാല്‍നടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിച്ച് ശിഹാബ് ചോറ്റൂര്‍

(www.kl14onlinenews.com)
(06-FEB-2023)

പാകിസ്ഥാനിലേക്ക് പ്രവേശിച്ചു; കാല്‍നടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിച്ച് ശിഹാബ് ചോറ്റൂര്‍
ഡൽഹി :
കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ യാത്ര പുനരാരംഭിച്ചു. യാത്ര വീണ്ടും തുടങ്ങിയെന്നും ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു.
ഞായറാഴ്ച പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്. തന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞിരുന്നു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നനും ശിഹാബ് വ്യക്തമാക്കി.
പാകിസ്താന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാന്‍സിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താന്‍ സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാന്‍ ട്രാന്‍സിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാന്‍ വൈകുന്നതെന്നും ശിഹാബ് പറഞ്ഞിരുന്നു

കഴിഞ്ഞ ദിവസം പാകിസ്താൻ ഭരണകൂടം വിസ അനുവദിച്ചതോടെയാണ് യാത്ര പുനരാരംഭിച്ചത്. വിസ ശരിയായ കാര്യവും ശിഹാബ് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.

ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് കാൽനടയായി ഹജ്ജിന് പുറപ്പെട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച ശിഹാബിന് പലയിടങ്ങളിലും വലിയ സ്വീകരണങ്ങളും ലഭിച്ചിരുന്നു. 8000 കിലോമീറ്ററിൽ അധികം ദൂരമാണ് മലപ്പുറത്ത് നിന്ന് മക്കയിലേക്കുള്ളത്. യാത്രയുടെ വിശദാംശങ്ങൾ ഷിഹാബ് യൂടൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.



Post a Comment

Previous Post Next Post