വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പുറത്ത്,​ അഞ്ചു റൺസ് വിജയത്തോടെ ആസ്ട്രേലിയ ഫൈനലിൽ

(www.kl14onlinenews.com)
(23-FEB-2023)

വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പുറത്ത്,​ അഞ്ചു റൺസ് വിജയത്തോടെ ആസ്ട്രേലിയ ഫൈനലിൽ
കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ വിറപ്പിച്ച് ഇന്ത്യ വീണു. 173 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യ അഞ്ച് റണ്‍സകലെ പൊരുതി വീണു. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 172-4, ഇന്ത്യ 20 ഓവറില്‍ 167-8.

അവസാന അഞ്ചോവറില്‍ 38 റണ്‍സും അവസാന ഓവറില്‍ 16 റണ്‍സുമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വാലറ്റത്ത് ദീപ്തി ശര്‍മ(16) പൊരുതിയെങ്കിലും ഓസീസ് കരുത്തിനെ മറികടക്കാനായില്ല. തുടര്‍ച്ചയായ ആറാം തവണയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്.


പവര്‍ പ്ലേയില്‍ 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ജെമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ജെമീമയും ഹര്‍മനും ചേര്‍ന്ന് ഇന്ത്യയെ 59 റണ്‍സിലെത്തിച്ചു.


തകര്‍ന്നടിഞ്ഞ് തുടക്കം, പിന്നെ തകര്‍ത്തടിച്ച് ജെമീമയും ഹര്‍മനും

ആഷ്‌ലി ഗാര്‍ഡ്‌നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച ഷഫാലിയും സ്മൃതിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ തകര്‍ത്തടിച്ച ഷഫാലിയെ രണ്ടാം ഓവറില്‍ ഷഫാലിയെ മെഗാന്‍ ഷൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഗാര്‍ഡ്നര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്മൃതിയും(2) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യ പൊരുതാതെ കീഴടങ്ങുമെന്ന് തോന്നിച്ചു.

നാലാം നമ്പറില്‍ ഇറങ്ങിയ ജെമീമ റോഡ്രിഗസ് രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. മറുവശത്ത് യാസ്തികയും ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും നാലാം ഓവറില്‍ ജെമീമയുമായുള്ള ധാരണപ്പിശകില്‍ റണ്‍ ഔട്ടായി. നാലു റണ്‍സായിരുന്നു യാസ്തികയുടെ സംഭാവന. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പ്രതിരോധത്തിലേക്ക് വലിയാതെ തകര്‍ത്തടിച്ച ജെമീമയും ഹര്‍മനും ചേര്‍ന്നാണ് ഇന്ത്യയെ പവര്‍ പ്ലേയില്‍ 59 റണ്‍സിലെത്തിച്ചത്. പത്തോവറില്‍ ഇന്ത്യ 93 റണ്‍സടിച്ചതോടെ ഓസ്ട്രേലിയ വിറച്ചു.

കളി തിരിച്ചത് ഹര്‍മന്‍റെ റണ്ണൗട്ട്

എന്നാല്‍ പതിനൊന്നാം ഓവറില്‍ ഡാര്‍സി ബ്രൗണിനെ ബൗണ്ടറി അടിച്ചതിന് പിന്നാലെ ഷോര്‍ട് ബോളില്‍ ജെമീമ മടങ്ങി. 24 പന്തില്‍ 43 റണ്‍സെടുത്ത ജെമീമ ആറ് ബൗണ്ടറി പറത്തി. ജെമീമ സ്കോറിംഗ് വേഗം കുറഞ്ഞ ഇന്ത്യ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. ജെമീമ പുറത്തായശേഷം റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിക്കുമെന്ന് കരുതിയിരിക്കെ അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഹര്‍മന്‍ നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ റണ്ണൗട്ടായി. 34 പന്തില്‍ 52 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന.

ഹര്‍മന്‍ പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഹര്‍മന്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് 30 പന്തില്‍ ജയിക്കാന്‍ 39 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാറാം ഓവര്‍ എറിഞ്ഞ ഡാര്‍സി ബ്രൗണ്‍ ഓവറിലെ അവസാന പന്തില്‍ റിച്ച ഘോഷിനെയും(14) വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അവസാന നാലോവറില്‍ 38 റണ്‍സായി. ബൗണ്ടറികള്‍ നേടിയ ദീപ്തി ശര്‍മയും സ്നേഹ് റാണയും ചേര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം രണ്ടോവറില്‍ 20 റണ്‍സാക്കി കുറച്ചു. അവസാന ഓവറുകളില്‍ ഓസീസിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് കളിയില്‍ നിര്‍ണായകായി. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ സ്നേഹ് റാണയെ(11) ജൊനാസന്‍ ബൗള്‍ഡാക്കിയോതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. ഓസ്ട്രേലിയക്കായി ആഷ് ഗാര്‍ഡ്നറും ഡാര്‍സി ബ്രൗണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്‍റെയും ആഷ്‌ലി ഗാര്‍ഡ്നറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. ബെത് മൂണി 37 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലാനിങ് 34 പന്തില്‍ 49 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ഗാര്‍ഡ്നര്‍ 18 പന്തില്‍ 31 റണ്‍സടിച്ച് പുറത്തായി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.

അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ലാനിങ്ങിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഓസീസിന് 172 റണ്‍സെന്ന മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ രേണുക സിംഗ് 18 റണ്‍സും പത്തൊമ്പതാം ഓവറില്‍ ശിഖ പാണ്ഡെ 12 റണ്‍സും വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാനിങിന്‍റെ പ്രകടനം. എല്‍സി പെറി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.


Post a Comment

Previous Post Next Post