80 രാജ്യങ്ങളൊരുക്കും എക്‌സ്‌പോ 2023

(www.kl14onlinenews.com)
(06-Jan-2023)

80 രാജ്യങ്ങളൊരുക്കും എക്‌സ്‌പോ 2023
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സിബിഷനിൽ (എക്‌സ്‌പോ 2023 ദോഹ) 80 രാജ്യങ്ങളുടെ പങ്കാളിത്തം. പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെ. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്‌സ്‌പോയ്ക്ക് ദോഹ കോർണിഷിലെ അൽ ബിദ പാർക്കാണ് വേദിയാകുന്നത്.

'ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി' എന്ന പ്രമേയത്തിൽ നടക്കുന്ന എക്‌സ്‌പോയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ പര്യാപ്തമായ നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും എക്‌സ്‌പോയിൽ അവതരിപ്പിക്കപ്പെടുമെന്നും എക്‌സ്‌പോ ദേശീയ കമ്മിറ്റി സെക്രട്ടറി ജനറലും നഗരസഭ മന്ത്രാലയം പബ്ലിക് പാർക്ക് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ ഖൗരി വ്യക്തമാക്കി.


ഖത്തർ സർവകലാശാല, ഹമദ് ബിൻ ഖലീഫ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ ഖത്തറിലെ പ്രാദേശിക, രാജ്യാന്തര കമ്പനികളുടെയും സർവകലാശാലകളുടെയും പങ്കാളിത്തവുമുണ്ട്. കൃഷി, ലാൻഡ്‌സ്‌കേപ്പ് എന്നിവയിലുൾപ്പെടെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഗവേഷണങ്ങൾ സർവകലാശാലകൾ അവതരിപ്പിക്കും. 6 മാസം നീളുന്ന എക്‌സ്‌പോയുടെ ഭാഗമായി നിരവധി ഇവന്റുകളും നടക്കും.

ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഇവന്റാണ് എക്‌സ്‌പോ. 179 ദിവസം നീളുന്ന എക്‌സ്‌പോയിൽ 30 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തരം, സാംസ്‌കാരികം, കുടുംബം എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണ് പവിലിയനുകൾ സജ്ജീകരിക്കുക.

രാജ്യാന്തര പവിലിയൻ ആയിരിക്കും ഏറ്റവും വലുത്. ഖത്തറിലെ മാത്രമല്ല ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും മധ്യപൂർവദേശത്തെയും കാർഷിക മേഖലയുടെയും ഹരിത നഗരങ്ങളുടെയും വികസനത്തിനുള്ള പുതു അവസരം കൂടിയായി എക്‌സ്‌പോ മാറും.

Post a Comment

Previous Post Next Post