റോഡിൽ യുവതിയുടെ നഗ്ന മൃതദേഹം; കാറിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചു: സംഭവത്തിൽ 5 പേർ അറസ്റ്റിൽ


(www.kl14onlinenews.com)
(01-Jan-2023)

റോഡിൽ യുവതിയുടെ നഗ്ന മൃതദേഹം; കാറിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചു: സംഭവത്തിൽ 5 പേർ അറസ്റ്റിൽ
ഡൽഹി: സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ഇടിച്ച കാറിൻറെ ചക്രത്തിൽ യുവതിയുടെ വസ്ത്രം കുടുങ്ങുകയും കിലോമീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കാർ മുന്നോട്ടുപോവുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.

ഡൽഹിയിലെ രോഹിണിയിൽ ഞായറാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം. പുലർച്ചെ നാല് മണിയോടെയാണ് യുവതിയുടെ നഗ്ന ശരീരം റോഡിൽ കിടക്കുന്നതായി പോലീസ് സ്‌റ്റേഷനിലേക്ക് വിവരം ലഭിക്കുന്നത്. പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറെൻസിക് സംഘവും സംഭവ സ്ഥലം പരിശോധിച്ചു. മൃതദേഹം മംഗോൾപുരിയിലെ എസ്ജിഎം ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ അപകടത്തിനിടയാക്കിയ കാർ പോലീസ് കണ്ടെത്തി. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്തിരുന്ന പെൺകുട്ടി ഞായറാഴ്ച അത്തരത്തിലുള്ള ഒരു ചടങ്ങിൽ പങ്കെടുത്ത് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അപകടസമയത്ത് മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കാൻ പോലീസ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post