ലോകകപ്പിന് ഉപയോഗിച്ച 3,000 ഇലക്ട്രിക് ബസുകൾ ഖത്തർ ഇനി എന്തു ചെയ്യും?

(www.kl14onlinenews.com)
(01-Jan-2023

ലോകകപ്പിന് ഉപയോഗിച്ച 3,000 ഇലക്ട്രിക് ബസുകൾ ഖത്തർ ഇനി എന്തു ചെയ്യും?
ദോഹ :ഫുട്ബോൾ ലോകകപ്പിനായി മൂവായിരത്തിൽ അധികം ഇലക്ട്രിക് ബസുകളാണ് ഖത്തർ ഇറക്കുമതി ചെയ്തത്. ലോകകപ്പ് കഴിഞ്ഞതോടെ ഇത്ര അധികം ബസുകള്‍ ഖത്തർ എന്തുചെയ്യുമെന്നായിരുന്നു വാഹനപ്രേമികളുടെ ആശങ്ക. എന്നാൽ അതിനു വിരാമമിട്ടുകൊണ്ട് 3,000 ബസുകള്‍ ലെബനന് സൗജന്യമായി നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാനായി ഖത്തര്‍ വാങ്ങിയ ബസുകളാണ് ലെബനന് കൈമാറുക. പൊതുഗതാഗത മേഖല വലിയ പ്രതിസന്ധി നേരിടുന്ന ലെബനന് ഖത്തറിന്റെ തീരുമാനം ആശ്വാസമാകും. ലെബനന്‍ പ്രധാനമന്ത്രി നജീബ് മിഖാത്തി അവരുടെ പൊതുഗതാഗത രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ഖത്തര്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ബസുകള്‍ കൈമാറുന്നതെന്ന് ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

ഫുട്‌ബോള്‍ ലോകകപ്പിനായി ദോഹ മെട്രോ അടക്കം വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഖത്തര്‍ വികസിപ്പിച്ചിരുന്നു. ഇതില്‍ സ്റ്റേഡിയങ്ങള്‍ അടക്കമുള്ള പലതും വികസ്വര- അവികസിത രാഷ്ട്രങ്ങള്‍ക്ക് നല്‍കുമെന്ന് നേരത്തേ തന്നെ ഖത്തര്‍ പ്രഖ്യാപിച്ചതാണ്. ബസുകള്‍ക്ക് പുറമേ അഴിച്ചെടുക്കാവുന്ന സ്റ്റേഡിയങ്ങളും സ്റ്റേഡിയങ്ങളിലെ കസേരകളുമെല്ലാം അര്‍ഹതപ്പെട്ട രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചിരുന്നു. ബെയ്‌റൂട്ടിലെ സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ഇരിപ്പിടങ്ങള്‍ ഖത്തര്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. 


പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വിപുലമായ ഗതാഗത ശൃംഖലയാണ് ദോഹ മെട്രോ. 75 കിലോമീറ്റര്‍ നീളത്തില്‍ 37 സ്‌റ്റേഷനുകളുള്ള ദോഹ മെട്രോയില്‍ മൂന്നു നിരകളിലായാണ് (ചുവപ്പ്, പച്ച, സ്വര്‍ണം) റെയില്‍വേ ലൈനുകള്‍ ക്രമീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 18,000 ടാക്‌സികളും 3,000 സൈക്കിളുകളും സഞ്ചാരികള്‍ക്കായി ഖത്തര്‍ ഒരുക്കിയിരുന്നു. 

വലിയ തോതില്‍ മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ട് ഖത്തര്‍ നടത്തിയ ഫുട്‌ബോള്‍ ലോകകപ്പിനെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി ബിബിസി സ്‌പോര്‍ട്‌സ് തിരഞ്ഞെടുത്തിരുന്നു. ജപ്പാന്‍ – കൊറിയ (2002), ജര്‍മനി (2006), ദക്ഷിണാഫ്രിക്ക (2010), ബ്രസീല്‍ (2014), റഷ്യ (2018) എന്നീ ലോകകപ്പ് വേദികള്‍ക്കൊപ്പമാണ് ഖത്തറും (2022) മത്സരിച്ചത്. 78 ശതമാനം വോട്ടുകളും ലഭിച്ചത് ഖത്തര്‍ ലോകകപ്പിനായിരുന്നു ജപ്പാന്‍–കൊറിയക്ക് ആറ് ശതമാനവും ജര്‍മനിക്കും റഷ്യക്കും നാല് ശതമാനവും ബ്രസീലിന് അഞ്ച് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു ശതമാനം വോട്ടുമാണ് കിട്ടിയത്

Post a Comment

أحدث أقدم