ഇടപാടുകള്‍ 27നു മാത്രം; അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

(www.kl14onlinenews.com)
(25-Jan-2023)

ഇടപാടുകള്‍ 27നു മാത്രം; അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
കൊച്ചി: വ്യാഴാഴ്ച മുതല്‍ 31 വരെയുള്ള ആറു ദിവസത്തിനുള്ളില്‍ എന്തെങ്കിലും ബാങ്കിടപാട് നടത്താനുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ നിങ്ങളുടെ മുന്നില്‍ ഒരു ദിവസം മാത്രമേയുള്ളൂ. ശേഷിക്കുന്ന അഞ്ചു ദിവസവും ബാങ്കുകള്‍ അടഞ്ഞുകിടക്കും.

റിപ്പബ്ലിക് ദിനമായ 26ന് ബാങ്കുകള്‍ അവധിയാണ്. 27നു പ്രവൃത്തിദിനമാണെങ്കിലും പിന്നീടുള്ള തുടര്‍ച്ചയായ നാലു ദിവസം ഇടപാടുകള്‍ മുടങ്ങും. 28നു നാലാം ശനിയും 29 ഞായറുമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 30നും 31നും ബാങ്ക് ഓഫിസര്‍മാരും ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.


ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണു രാജ്യവ്യാപകമയി പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനാണു സാധ്യത. എന്നാല്‍ സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കില്ല.

പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ഇടപാടുകാര്‍ക്കു മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എ ഐ ബി ഒ എ, ഐ എന്‍ ബി ഇ എഫ്, ഐ എന്‍ ബി ഒ സി, ബെഫി, എന്‍ സി ബി ഇ, എന്‍ ഒ ബി ഡബ്ല്യു, എന്‍ ഒ ബി ഒ എന്നിവ ഉള്‍പ്പെടെയുള്ള ഒന്‍പത് സംഘടനകള്‍ ഉള്‍പ്പെട്ടതാണു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.

Post a Comment

Previous Post Next Post