ജപ്തിയുടെ മറവില്‍ ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; സര്‍ക്കാരും പിഎഫ്‌ഐയും തമ്മിലുള്ള ഒത്തുകളിയെന്ന് പിഎംഎ സലാം

(www.kl14onlinenews.com)
(22-Jan-2023)

ജപ്തിയുടെ മറവില്‍ ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; സര്‍ക്കാരും പിഎഫ്‌ഐയും തമ്മിലുള്ള ഒത്തുകളിയെന്ന് പിഎംഎ സലാം
മലപ്പുറം: ഹര്‍ത്താലിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പോാപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെയുള്ള ജപ്തിയുടെ മറവില്‍ മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ അടക്കം സ്വത്ത് ജപ്തി ചെയ്‌തെന്നും സര്‍ക്കാരും പിഎഫ്‌ഐയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും പിഎംഎ സലാം ആരോപിച്ചു.

സര്‍ക്കാര്‍ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. ഇത് അബദ്ധം പറ്റിയതാണെന്ന് പറയാനാകില്ല. അപരാധികളെ രക്ഷപ്പെടുത്തി നിരപരാധികളെ കുടുക്കുകയാണ്. തെറ്റായ ജപ്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷയം നിയമസഭയില്‍ ഉള്‍പ്പെടെ ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്ലീം ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്തും കണ്ടികെട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. എടരിക്കോട് പഞ്ചായത്ത് മെമ്പര്‍ സി ടി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടുകെട്ടല്‍ നോട്ടീസ് പതിച്ചത്. മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചുകൊണ്ട് അഷറഫ് രംഗത്തുവന്നിരുന്നു.

അതേസമയം സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ഇതുവരെ നൂറോളം നേതാക്കന്മാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.

Post a Comment

أحدث أقدم