പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ്; സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടു

(www.kl14onlinenews.com)
(22-Jan-2023)

പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ്; സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ടു
കണ്ണൂര്‍: പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു. കണ്ണൂരില്‍ 11 വര്‍ഷം മുന്‍പ് കളക്ട്രേറ്റ് മാര്‍ച്ചില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങി വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ 2012 മാര്‍ച്ച് 21 ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ നേരിട്ട പ്രതികള്‍ കുറ്റക്കാരല്ല എന്ന് കോടതി വിധിച്ചത്. കണ്ണൂര്‍ അസി. സെഷന്‍സ് ജഡ്ജി രാജീവന്‍ വാച്ചാല്‍ ആണ് വിധി പ്രസ്താവിച്ചത്. അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന എ എന്‍ ഷംസീറായിരുന്നു കേസിലെ ഒന്നാം പ്രതി.
പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമവകുപ്പ് ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ്. 16 ലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് കേസിലെ പ്രതികള്‍ക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധിച്ചവര്‍ പൊലീസിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍, കളക്ടറേറ്റിലെ പ്ലാനിങ് വിഭാഗത്തിലെ കംപ്യൂട്ടര്‍ സെര്‍വര്‍ എന്നിവ നശിപ്പിക്കുകയും കളക്റ്ററേറ്ററിന്റെ ചുറ്റുമതിലും ഗേറ്റും തകര്‍ക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.

Post a Comment

Previous Post Next Post