മൂന്ന് ജീവനുകള്‍ കത്തിയമര്‍ന്ന നെഞ്ചുനീറും കാഴ്ച; നോവായി ആയിന,ഞെട്ടല്‍ മാറാതെ നാട്

(www.kl14onlinenews.com)
(30-Jan-2023)

മൂന്ന് ജീവനുകള്‍ കത്തിയമര്‍ന്ന നെഞ്ചുനീറും കാഴ്ച; നോവായി ആയിന,ഞെട്ടല്‍ മാറാതെ നാട്
തൃശൂര്‍ എരുമപ്പെട്ടി പന്നിത്തടത്തെ ഷഫീനയുടെയും മക്കളുടെയും മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാട്. വീടിന്റെ ബാല്‍ക്കണിയിലാണ് 28കാരിയായ ഷഫീനയെയും മൂന്ന് വയസുകാരന്‍ അജുവയെയും, ഒന്നര വയസുകാരന്‍ അമനെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയവരാണ് ഈ നടുക്കുന്ന കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. മൂവരും പൊള്ളലേറ്റ് മരിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ഭര്‍തൃമാതാവ് ഫാത്തിമയും ഷഫീനയുടെ മൂത്തമകളും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കൂട്ട ആത്മഹത്യയാണിതെന്ന വാദമുയരുമ്പോഴും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് എരുമപ്പെട്ടി പൊലീസിന്റെ നിലപാട്.

ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് പ്രവാസിയാണ്. ആറ് മാസം മുമ്പ് ഹാരിസ് നാട്ടില്‍ വന്ന് പോയിരുന്നു. ഏഴ് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂത്തമകള്‍ ആയിനയെയും അജുവയേയും അമനെയും കൂട്ടി മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു ഷഫീന. ഇവര്‍ ഒന്നിച്ചാണ് ഉറങ്ങിയത്. തലേന്ന് രാത്രി വൈകിയാണ് ഇവര്‍ ചിറമനെങ്ങാട് നടന്ന ഒരു കല്യാണചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയത്. ക്ഷീണത്തോടെയാണ് മൂന്ന് മക്കളെയും കൂട്ടി ഷഫീന ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ ഉണര്‍ന്ന ആയിന, ഉമ്മയെയും സഹോദരങ്ങളെയും മുറിയില്‍ കാണാതായതോടെ പിതാവിന്റെ ഉമ്മ ഫാത്തിമയെ അറിയിച്ചു. ഇവര്‍ വീടിനുള്ളിലും പുറത്തും തിരച്ചില്‍ നടത്തുന്നതിനിടെയാണ് നടക്കാനിറങ്ങിയവര്‍ വിവരം അറിയിക്കുന്നത്. സംഭവ ദിവസം ഹാരിസിന്റെ സഹോദരന്‍ നവാസും കുടുംബവും ചൊവ്വല്ലൂര്‍പടിയിലെ വീട്ടിലായിരുന്നു.

മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കൂട്ട ആത്മഹത്യയാണെന്ന സംശയമുയര്‍ന്നത്. ഇതിനിടെ ഷഫീനയുടെ ഡയറി കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഷഫീനയും ഹാരിസും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പന്നിത്തടം വാര്‍ഡ് മെമ്പര്‍ സെയ്ഫുന്നിസ ഇന്ത്യാടുഡേയോട് പറഞ്ഞു. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്നും ഷഫീന മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി കേട്ടറിവുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആത്മഹത്യയാണോ എന്നതടക്കമുള്ള സംശയങ്ങളില്‍ ഉത്തരം പറയാറായിട്ടില്ലെന്ന് എരുമപ്പെട്ടി പൊലീസ് വ്യക്തമാക്കി. ഡയറിയും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യാടുഡേയോട് പറഞ്ഞു.

ഞായറാഴ്ച രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥരും ഫൊറെന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഞായറാഴ്ച വൈകിട്ട് തന്നെ കബറടക്കി. ഹാരിസ് വിദേശത്ത് നിന്ന് എത്തിയ ശേഷമായിരുന്നു ചടങ്ങുകള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മരണവുമായി ബന്ധപ്പെട്ട് മറ്റെന്തിലും വിവരം ലഭിക്കുമോയെന്നാണ് ബന്ധുക്കളും നാട്ടുകാരും ഉറ്റുനോക്കുന്നത്. തൃശൂര്‍ കേച്ചേരി പുളിച്ചാറന്‍ വീട്ടില്‍ ഹനീഫയുടെയും ഐഷയുടെയും മകളായിരുന്നു ഷഫീന.


Post a Comment

Previous Post Next Post