ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് താത്കാലിക ഇടവേള; നയപ്രഖ്യാപനത്തിന് ക്ഷണിക്കാന്‍ തീരുമാനം

(www.kl14onlinenews.com)
(04-Jan-2023)

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് താത്കാലിക ഇടവേള; നയപ്രഖ്യാപനത്തിന് ക്ഷണിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് താത്കാലിക ശമനസാധ്യത. നിയമസഭ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കും. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപനത്തിന് ഗവര്‍ണറെ ക്ഷണിക്കാനും സര്‍ക്കാര്‍ തയാറാകുന്നതായാണ് ലഭിക്കുന്ന വിവരം.

ബജറ്റ് സമ്മേളന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും തീരുമാനം. ഈ മാസം തന്നെ സഭ ചേരാനാണ് സാധ്യത. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു ഗവര്‍ണറുടെ അനുമതി.

15-ാം നിയമസഭയുടെ ഏഴാം സമ്മേളനം കഴിഞ്ഞ ഡിസംബര്‍ 13-നാണ് അവസാനിച്ചത്. എന്നാല്‍ സഭ പിരിയുന്ന കാര്യം ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഈ മാസം സമ്മേളനം ചേരാന്‍ കഴിയുമായിരുന്നു. ഈ തീരുമാനം ഒഴിവാക്കിയതിനാലാണ് ഗവര്‍ണറെ അറിയിക്കാനുള്ള നീക്കം.

നയപ്രഖ്യാപനം ഒഴിവാക്കി സമ്മേളനം തുടരുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യം രാജ്ഭവനെ അറിയിക്കാതിരുന്നതെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഏറെ നാളായി സര്‍ക്കാരും ഗവര്‍ണറും അഭിപ്രായ ഭിന്നതയിലാണ്. സര്‍വകലാശാല വിഷയം മുതല്‍ ഒടുവില്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞവരെ എത്തി നില്‍ക്കുന്നു എതിര്‍പ്പുകള്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുടെ ശുപാര്‍ശ വിയോജിപ്പോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

ശുപാര്‍ശ രാജ്ഭവന് ലഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ നിയമോപദേശം തേടി. പ്രതികൂലമായി നിയമോപദേശം ലഭിച്ചതോടെ അറ്റോര്‍ണി ജനറലിനെ ഗവര്‍ണര്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് എജിയും വ്യക്തമാക്കിയതോടെ ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു.

Post a Comment

أحدث أقدم