സുള്ള്യയിലെ പ്രവീണ്‍ നെട്ടാരു വധം: കുറ്റപത്രം സമര്‍പ്പിച്ചു

(www.kl14onlinenews.com)
(21-Jan-2023)

സുള്ള്യയിലെ പ്രവീണ്‍ നെട്ടാരു വധം: കുറ്റപത്രം സമര്‍പ്പിച്ചു
സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുള്ള 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. 2022 ജൂലൈയിലാണ് യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം.

സമൂഹത്തില്‍ ഭീകരതയും വര്‍ഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനാണ് കൊലപാതകത്തിലൂടെ പ്രതികള്‍ ശ്രമിച്ചത്. സര്‍വീസ് ടീമുകള്‍/കൊലയാളി സ്‌ക്വാഡുകള്‍ എന്ന പേരില്‍ രഹസ്യ സംഘത്തിന് രൂപം നല്‍കി. മുന്‍കൂട്ടി ലക്ഷ്യമിട്ട ശത്രുക്കളെ വധിക്കുകയെന്നതായിരുന്നു ഈ സംഘത്തിന്റെ പദ്ധതിയെന്നും എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടീം അംഗങ്ങള്‍ക്ക് ആക്രമണ, നിരീക്ഷണ സാങ്കേതിക പരിശീലനത്തോടൊപ്പം ആയുധങ്ങളും നല്‍കി.

മുതിര്‍ന്ന PFI നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം, പട്ടികയിലുള്ളവരെ ആക്രമിക്കുന്നതിനോ കൊല്ലുന്നതിനോ ഈ ടീമുകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി. ബെംഗളൂരു, സുള്ള്യ ടൗണ്‍, ബെല്ലാരെ ഗ്രാമം എന്നിവിടങ്ങളില്‍ പിഎഫ്ഐ അംഗങ്ങളുടെയും നേതാക്കളുടെയും ഗൂഢാലോചന യോഗങ്ങള്‍ സംഘടിപ്പിച്ചു. അവിടെ ജില്ലാ സര്‍വീസ് ടീം തലവന്‍ മുസ്തഫ പൈച്ചാറിനോട് ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖരെ തിരിച്ചറിയാനും ടാര്‍ഗെറ്റുചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം
നാലുപേരെ കണ്ടെത്തി. തുടര്‍ന്നാണ് 2022 ജൂലൈയില്‍ യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്.

ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ഭീകരത സൃഷ്ടിക്കുന്നതിനായി മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ കാണുന്നിടത്ത് വെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന ശിക്ഷ), 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 302 (കൊലപാതകത്തിനുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശ്യത്തിനായി നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍), 1967ലെ യുഎ (പി) നിയമത്തിലെ കോഡും സെക്ഷന്‍ 16, 18, 20, ആയുധ നിയമത്തിലെ സെക്ഷന്‍ 25(1)(എ) എന്നിവ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സുള്ള്യ ടൗണിലെ മഹമ്മദ് ഷിയാബ്, സുള്ള്യ താലൂക്കിലെ അബ്ദുള്‍ ബഷീര്‍, പാല്‍ത്താടിയിലെ റിയാസ്, സുള്ള്യ താലൂക്കിലെ മുസ്തഫ പായിച്ചാര്‍, നെക്കിലാടിയില്‍ നിന്നുള്ള മസൂദ് കെ.എ, ബണ്ട്വാളില്‍ നിന്നുള്ള കൊടാജെ മുഹമ്മദ് ഷെരീഫ്, ബെല്ലാരെയില്‍ നിന്നുള്ള അബൂബക്കര്‍ സിദ്ദിഖ്, സുള്ള്യ താലൂക്കിലെ ഇസ്മായില്‍ കെ. ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാല്‍, ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാല്‍, മംഗലന്തിയിലെ ഷഹീദ് എം, ബെല്ലാരെയില്‍ നിന്നുള്ള മഹമ്മദ് ഷഫീഖ്, സുള്ള്യയില്‍ നിന്നുള്ള ഉമ്മര്‍ ഫാറൂഖ് എം ആര്‍, മസീദിയിലെ അബ്ദുള്‍ കബീര്‍, നെല്ലുരുകേംരാജെ ഗ്രാമത്തിലെ മുഹമ്മദ് ഇബ്രാഹിം ഷാ, നാവൂരിലെ സൈനുല്‍ ആബിദ് വൈ, ബെല്ലാര വില്ലേജിലെ ഷെഖ് സദ്ദാം ഹുസൈന്‍ , സവനൂരിലെ സക്കിയാര്‍ എ, ബെള്ളാരെ വില്ലേജിലെ എന്‍ അബ്ദുള്‍ ഹാരിസ്, മടിക്കേരിയിലെ തുഫൈല്‍ എം.എച്ച് എന്നിവരാണ് പ്രതികള്‍.

കുറ്റപത്രം സമര്‍പ്പിച്ച 20 പേരില്‍ മുസ്തഫ പൈച്ചാര്‍, മസൂദ് കെ എ, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മര്‍ ഫാറൂഖ് എംആര്‍, തുഫൈല്‍ എംഎച്ച് എന്നിവര്‍ ഒളിവിലാണെന്നും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


Post a Comment

أحدث أقدم