സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനം രണ്ട് ജില്ലകൾ പങ്കിട്ടു

(www.kl14onlinenews.com)
(07-Jan-2023)

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനം രണ്ട് ജില്ലകൾ പങ്കിട്ടു
കോഴിക്കോട് :
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കലാകിരീടം ചൂടിയത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ മൂന്നാമതും 871 പോയിൻ്റുമായി എറണാകുളം നാലാതുമാണ്.
രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മില്‍ ശക്തമായ മത്സരമാണ് അവസാന നിമിഷം വരെയും നടന്നത്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.

ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാകുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. 239 ഇനങ്ങളിലായിരുന്നു മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.

സ്‌കൂള്‍ കലോത്സവം; കോടതി അപ്പീല്‍ വഴി മത്സരത്തിനെത്തിയവര്‍ ത്രിശങ്കുവില്‍

കോടതി വഴി അപ്പീല്‍ നല്‍കി സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ എത്തിയവര്‍ ത്രിശങ്കുവില്‍. കോടതിയില്‍ നിന്ന് അപ്പീല്‍ വഴി കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് മത്സര ഫലത്തില്‍ തീരുമാനമാകാതെ ആശങ്കയിലായിരിക്കുന്നത്. ജില്ലാതല മത്സര ഫലം ചോദ്യം ചെയ്ത് കോടതി വഴി അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത 94 മത്സരഫലങ്ങളാണ് തടഞ്ഞു വെച്ചിട്ടുള്ളത്. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടേയോ സ്‌കൂളിന്റേയോ പോയിന്റു നിലയില്‍ പ്രതിഫലിക്കില്ല. ഇക്കാര്യത്തില്‍ എ ജിയുടെ നിയമോപദേശം ഉണ്ടെന്നാണ് സംഘാടകരുടെ നിലപാട്.

ജില്ലാതലത്തില്‍ നിന്ന് കോടതി ഉത്തരവ് വഴി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. ഫലം പ്രഖ്യാപിക്കണമെന്ന് വ്യവസ്ഥയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. അപ്പീലുകളില്‍ അനുകൂല വിധി നേടിയ 94 വിദ്യാര്‍ത്ഥികളാണ് ഇന്നലെ വരെ വിവിധ പരിപാടികളില്‍ പങ്കെടുത്തത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിലപാട് ചോദ്യം ചെയ്ത് തൃശൂര്‍ മുനിസിപ്പല്‍ കോടതിയില്‍ നിന്നുള്ള അപ്പീലിന്റെ അടിസ്ഥാനത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി ഫലപ്രഖ്യാപനം ആവശ്യപ്പെട്ട് അതേ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാല്‍ ഇത് പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഇതു വരെ തയ്യാറായില്ല.

നിലവില്‍ കോടതി വഴി അപ്പീല്‍ നല്‍കിയവരുടെ ഫലം മാത്രമാണ് തടഞ്ഞു വെച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ് വഴി അപ്പീല്‍ നല്‍കി മത്സരത്തിനെത്തിയവരുടെ ഫലം തടഞ്ഞിട്ടില്ല. കോടതിയില്‍ അപ്പീലിന് പോയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും മത്സരിക്കാനുള്ള അവസരം നല്‍കണമെന്ന ഉത്തരവാണ് ലഭിച്ചിട്ടുള്ളത്. വിദ്യാര്‍ഥിയെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ ആ കുട്ടിയെ പങ്കെടുപ്പിക്കുക എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നുണ്ടെങ്കിലും ഫലം പ്രഖ്യാപിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. അതേസമയം കോടതി നിര്‍ദ്ദേശം അതു പോലെ നടപ്പാക്കുക എന്ന നിലപാടാണ് വകുപ്പിനുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു പറഞ്ഞു.

അപ്പീല്‍ വഴി മത്സരിച്ച വിദ്യാര്‍ഥിയുടെ മത്സരഫലം പ്രഖ്യാപിക്കണമെന്ന തൃശൂര്‍ മുനിസിപ്പല്‍ കോടതി വിധിക്കെതിരെ നിയമവഴിയില്‍ തന്നെ നീങ്ങാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. കലോത്സവത്തിന് ഒരാഴ്ച മുമ്പ് പരിഗണനക്ക് വന്ന ഒന്നിലധികം അപ്പീലുകള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ സമാനമായ സമീപനം ഉണ്ടാകുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. അപ്പീല്‍ വഴി എത്തി മത്സരിച്ച വിദ്യാര്‍ത്ഥികളുടെ ഫലം വിധികര്‍ത്താക്കള്‍ കൈമാറിയെങ്കിലും കലോത്സസവം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഔദ്യോഗിക പ്രഖ്യാപനമായി അംഗീകരിക്കപ്പെടൂ.

Post a Comment

Previous Post Next Post