(www.kl14onlinenews.com)
(19-Jan-2023)
തിരുവനന്തപുരം :
കേരളത്തിൽ ആദ്യമായി ഒരു മത്സ്യത്തെ എക്സറേ പരിശോധനയ്ക്ക് വിധേയമാക്കി. കളിത്തോക്കിലെ ഉണ്ട വിഴുങ്ങിയ മത്സ്യത്തെയാണ് എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയത്. കളിത്തോക്കിലെ പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങിയ അരോന മത്സ്യമാണ് അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. തുടർന്ന് മത്സ്യത്തെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധിക്കുന്നതിനു വേണ്ടിയാണ് എക്‌സ്‌റേ എടുത്തത്.
തിരുവനന്തപുരം പിഎംജിയിലെ ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ഡോ. അഭിലാഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. രണ്ട് വയസുള്ള അരോന മത്സ്യത്തിൻ്റെ എക്‌സ്‌റേയാണ് എടുത്തത്. കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മത്സ്യത്തെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഡോ. അഭിലാഷ് പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ശ്രീദേവിയുടെ `മീനൂട്ടി’യെന്ന് പേരിട്ട് വിളിക്കുന്ന അരോന മത്സ്യമാണ് പ്ലാസ്റ്റിക് ബുള്ളറ്റ് വിഴുങ്ങിയത്. ശ്രീദേവിയുടെ ചെറുമകന്‍ കളിച്ചുകൊണ്ടിരിക്കെ പ്ലാസ്റ്റിക് തോക്കില്‍ നിന്നും ബുള്ളറ്റ് അബദ്ധത്തില്‍ ഫിഷ് ടാങ്കിലേക്ക് വീഴുകയായിരുന്നു. എന്നാൽ വീട്ടുകാര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ആഹാരം കഴിക്കാതെ മത്സ്യം അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. അതേസമയം എന്തുകൊണ്ടാണ് മത്സ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വീട്ടുകാർക്ക് മനസ്സിലായില്ല. ഈ സമയത്താണ് ചെറുമകന്‍ തൻ്റെ കളിത്തോക്കിൻ്റെ ബുള്ളറ്റ് ഫിഷ് ടാങ്കിൽ വീണ കാര്യം ശ്രീദേവിയോട് പറയുന്നത്.
മത്സ്യം ഉണ്ട വിഴുങ്ങിയെന്ന് മനസ്സിലായതോടെ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായിരുന്നു ശ്രീദേവിയും കുടുംബവും. എന്തായാലും മത്സ്യത്തെ ഡോക്ടറെ കാണിച്ചുകളയാം എന്നു കരുതിയാണ് പിഎംജിയിലെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചത്. എക്സ്റേ ഉപയോഗിച്ച് പരിശോധിച്ച ഡോക്ടർ അഭിലാഷ് മത്സ്യം ഉണ്ട വിഴുങ്ങിയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുക്കാനായിരുന്നു നീക്കം. എന്നാൽ എക്‌സ്‌റേ എടുത്ത് പരിശോധിച്ചെങ്കിലും ശസ്ത്രക്രിയ വേണ്ടിവന്നില്ല. മത്സ്യം സ്വയം പ്ലാസ്റ്റിക് ബുള്ളറ്റ് ഛര്‍ദിച്ചു കളയുകയായിരുന്നു.
إرسال تعليق