മാസ്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കുന്നത് എന്തുകൊണ്ട്?

(www.kl14onlinenews.com)
(18-Jan-2023)

മാസ്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കുന്നത് എന്തുകൊണ്ട്?
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് രണ്ട് വർഷം മുൻപ് രാജ്യമൊട്ടാകെ നടപ്പാക്കിയ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം സംസ്ഥാനത്ത് വീണ്ടും നിർബന്ധമാക്കി. മാസ്ക്, സാനിറ്റെസർ എന്നിവയുടെ ഉപയോഗം നിർബന്ധമാക്കിയതും സാമൂഹിക അകലം പാലിക്കണമെന്നുള്ളതുമായ സർക്കാർ ഉത്തരവ് ജനങ്ങളിൽ വീണ്ടും ആശങ്ക ജനിപ്പിക്കുന്നതായി.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജനുവരി 12-ാം തീയതി ഇറക്കിയ വിജ്ഞാപനത്തിലാണ് മാസ്കും സാനിറ്റെസറും ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറയുന്നത്. സാധാരണ നിലയിൽ നിന്ന് പെട്ടെന്ന് എന്താണ് വീണ്ടും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. കോവിഡ് കേസുകൾ കൂടുകയാണോ?, ചൈനയിലെ വൈറസ് ഇവിടെയും എത്തിയോ? എന്ന തരത്തിൽ പല അഭ്യൂഹങ്ങളും ഉയർന്നു. എന്താണ് പുതിയ വിജ്ഞാപനത്തിന്റെ പിന്നിലെ കാരണങ്ങൾ? അഭ്യൂഹങ്ങൾക്കപ്പുറം വസ്തുതകൾ ഇവയാണ്.

സംസ്ഥാനത്ത് നിലവിൽ ഭയക്കേണ്ട സാഹചര്യമുണ്ടോ ?

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കോവിഡ് കേസുകളുടെ എണ്ണം കുറവാണ്. 50ൽ താഴെ കേസുകൾ മാത്രമേ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. കോവിഡിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തു മാറ്റിയിരുന്നില്ല. മാസ്ക്, സാനിറ്റൈസർ ഉപയോഗം കുറഞ്ഞെങ്കിലും ഉത്തരവ് നിലവിലുണ്ടായിരുന്നു.

ചൈനയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടയിൽ കേരള എപ്പിഡമിക് ഡിസീസ്, കോറോണ വൈറസ് ഡിസീസ് നിയന്ത്രണങ്ങളുടെ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് കേരളം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. വിജ്ഞാപനം പുതുക്കുന്നതിനു മുൻപ് സംസ്ഥാനത്ത് ഇതേ നിർദേശങ്ങളാണ് നിലവിലുണ്ടായിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

നേരത്തെ പുറപ്പെടുവിച്ച കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസത്തേക്ക് പുതുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ എല്ലാതരം ശ്വാസകോശ രോഗങ്ങളെയും പ്രതിരോധിക്കാൻ മാസ്ക്, സാനിറ്റെസർ, സാമൂഹിക അകലം എന്നിവ പാലിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കുക, സാനിറ്റെസറോ സോപ്പോ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നു.

വിജ്ഞാപനത്തിൽ പറയുന്നത്

ജോലി സ്ഥലത്തും വാഹനങ്ങളിലും പൊതുസ്ഥലത്തും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കൈകൾ വൃത്തിയാക്കുന്നതിനായി സാനിറ്റൈസറോ സോപ്പോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.

മാസ്ക് ധരിച്ചില്ലെങ്കിൽ ശിക്ഷയുണ്ടോ?

പുതിയ വിജ്‍‍ഞാപനത്തിൽ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കാനുള്ള നിർദേശം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽനിന്നു പിഴ ഈടാക്കാൻ നിർദേശമില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലീസ് നേരത്തെ കർശന നടപടി എടുത്തിരുന്നു.

ശ്വാസകോശ സംബന്ധമായ അണുബാധ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉയർന്ന പ്രതിരോധ ശേഷിയുള്ളവരിലും ആർജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാമന്ന് ഡിസംബറിൽ പുറത്തിറക്കിയ ശ്വാസകോശ പ്രശ്നങ്ങൾ സംബന്ധിച്ച മാർഗരേഖയിൽ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു.

ലോകമെമ്പാടും കോവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇവയെ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം.

മാർഗരേഖയിൽ പറയുന്നത്

മാസ്കിന്റെ ഉപയോഗം, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, മുഖം മറയ്ക്കുക എന്നിവയിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഇൻഫ്ളുവൻസയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങൾക്ക് സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകൾ

കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്.

പ്രധാന നിർദേശങ്ങൾ

എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം.
പ്രായമായവരും രോഗമുള്ളവരും നിർബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൂടുതൽ ശ്രദ്ധ പുലർത്തണം.
അടഞ്ഞ ഇടങ്ങൾ, ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ, അകലമില്ലാതെയുള്ള ഇടപഴകൽ (ക്ലോസ്ഡ് സ്പേസ്, ക്രൗഡഡ് പ്ലെയ്സ്) എന്നീ സാഹചര്യങ്ങളിലാണ് കോവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസകോശ അണുബാധകൾ കൂടുതലായി പകരാൻ സാധ്യതയുള്ളത്. ഈ സാഹചര്യങ്ങളിൽ (ഉദാ: അടച്ചിട്ട മുറികൾ, മാർക്കറ്റുകൾ-കടകൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങൾ, മുഖാമുഖം വരിക) നിർബന്ധമായും ഔഷധേതര മാർഗനിർദേശങ്ങൾ പാലിക്കണം.
പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ അയ്ക്കരുത്.
എല്ലാ പ്രായമായവരും രോഗാവസ്ഥയുള്ളവരും കോവിഡ് മുൻകരുതൽ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കാരണം വാക്സിനേഷൻ കോവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കും.
ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകൾക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.
കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിർബന്ധമായും പ്രമേഹ പരിശോധന നടത്തണം.

Post a Comment

Previous Post Next Post