സോളാർ കേസിൽ ഉത്കണ്ഠ ഉണ്ടായിരുന്നില്ല; രാഷ്ട്രീയത്തിൽ സജീവമായി തുടരും-ഉമ്മൻചാണ്ടി

(www.kl14onlinenews.com)
(01-Jan-2023)

സോളാർ കേസിൽ ഉത്കണ്ഠ ഉണ്ടായിരുന്നില്ല; രാഷ്ട്രീയത്തിൽ സജീവമായി തുടരും-ഉമ്മൻചാണ്ടി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഒരിക്കലും ഉത്കണ്ഠ ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻചാണ്ടി. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നു. ഒരു കാര്യത്തിൽ മാത്രമാണ് സർക്കാരിനോട് പരിഭവം. അത് പരാതിക്കാരിയുടെ വാക്കുകേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ മാത്രമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ജർമനിയിലേയും ബംഗളുരുവിലേയും ചികിത്സയ്ക്ക് ശേഷം ആരോഗ്യനില ഭേദപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് അന്വേഷണം കഴിഞ്ഞ് പിന്നെ സി.ബി.ഐയ്ക്ക് വിട്ടപ്പോൾ ഏറ്റവും കുറഞ്ഞത് നേരത്തെ അന്വേഷണം നടത്തിയവരുടെ ശിപാർശയോടെ ചെയ്യുന്നതായിരുന്നു നല്ലത്. അതിന് പകരം പരാതിക്കാരിയോട് എഴുതിവാങ്ങിയ ശേഷമാണ് സി.ബി.ഐ അന്വേഷണത്തിന് പോയത്.

തെളിവില്ലാതെ അന്വേഷണം നടത്തിയാൽ നീതി ബോധമുള്ള ജനങ്ങൾ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇനിയും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉണ്ടാവുമെന്നും അദ്ദേഹം മറുപടി നൽകി.

ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന് പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും നല്ല രീതിയിൽ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ടെന്ന് ബംഗളുരുവിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് തിരികെയെത്തിയത്.

ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുൻ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തിയത്. സോളാർ പീഡനകേസിൽ ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു. അതിനു ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

സോളാർ പീഡന കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത ആറ് കേസിലുമാണ് കുറ്റാരോപിതർക്ക് ക്ലീൻചിറ്റ് ലഭിച്ചത്. പരാതിക്കാരിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.

ഉമ്മൻചാണ്ടി ക്ലിഫ്‌ഹൗസിൽ വച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പീഡന പരാതികൾ സർക്കാർ സി.ബി.ഐയ്ക്ക് കൈമാറിയത്.

Post a Comment

Previous Post Next Post