ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

(www.kl14onlinenews.com)
(25-Jan-2023)

ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രമാണ് പ്രതി ഗ്രീഷ്മക്കെതിരെ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകമെന്ന് തിരുവനന്തപുരം റൂറല്‍ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഷാരോണിന്റെ കൊലപാതകം നടന്ന് 93 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

മുഖ്യപ്രതി ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ, വശീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി. ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത്, 85-ാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

2022 ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. സാധാരണമരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റസമ്മതം നടത്തി. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post