വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും കോവിഡ് വ്യാപനത്തെ തടയും; പുതിയ പഠന റിപ്പോര്‍ട്ട്

(www.kl14onlinenews.com)
(03-Jan-2023)

വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും കോവിഡ് വ്യാപനത്തെ തടയും; പുതിയ പഠന റിപ്പോര്‍ട്ട്
കോവിഡ്-19 ന്റെ ഭീഷണി ഇനിയും ഒഴിവായിട്ടില്ല. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സംബന്ധിച്ച് ആളുകള്‍ ഇപ്പോഴും ആശങ്കാകുലരാണ്. എന്നാല്‍ വാക്‌സിനേഷന്‍ കോവിഡ് അണുബാധയെ ഒരു പരിധി വരെ തടയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും അണുബാധ കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴും ഉയര്‍ന്നതാണെന്നും പഠനം പറയുന്നു.

ബൂസ്റ്റര്‍ ഡോസ് വൈറസ് പകരുന്നത് കുറയ്ക്കുന്നു

ജയിലില്‍ ഒരേ സെല്ലില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ വൈറസ് പടരുന്നത് പരിശോധിക്കാന്‍ യുസി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകര്‍ ഒരു പഠനം നടത്തി. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും ആദ്യത്തെ ഒമിക്രോണ്‍ തരംഗത്തില്‍ കാലിഫോര്‍ണിയ ജയിലുകളില്‍ COVID-19 പടരുന്നത് തടയാന്‍ സഹായിച്ചതായി പഠനത്തില്‍ കണ്ടെത്തി. വാക്സിനേഷന്റെ ഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ട്, ഇത് വൈറസിന്റെ രോഗവ്യാപന സാധ്യതയെ കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാത്രമല്ല, ഓരോ ബൂസ്റ്റര്‍ ഡോസിലും വൈറസ് പകരാനുള്ള സാധ്യത 11 ശതമാനത്തോളം കുറയുന്നതായും കണ്ടെത്തി.

ഗവേഷണത്തില്‍ എന്താണ് പുറത്തുവന്നത്?

കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സിഡിസിആര്‍) ശേഖരിച്ച വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇതില്‍ 2021 ഡിസംബര്‍ 15 നും 2022 മെയ് 20 നും ഇടയില്‍ 1,11,687 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 97 ശതമാനവും പുരുഷന്മാരായിരുന്നു. ഇക്കൂട്ടരില്‍ വാക്‌സീന്‍ എടുത്തവരില്‍ ഗുരുതരമായ രോഗങ്ങളുടെ നിരക്ക് കുറവായിരുന്നു. വെറും അഞ്ച് മാസത്തിനുള്ളില്‍ 22,334 ഒമിക്രോണ്‍ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മരണനിരക്ക് പൂജ്യം ശതമാനമായിരുന്നു.

അണുബാധയില്‍ നിന്നും വാക്‌സിനേഷനില്‍ നിന്നും ഹൈബ്രിഡ് പ്രതിരോധശേഷി ആര്‍ജിച്ച ആളുകള്‍ക്ക് കോവിഡ് വൈറസ് പകരാനുള്ള സാധ്യത 40 ശതമാനം കുറവാണ്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, വാക്‌സിനേഷന്‍ ഇതിനകം രോഗബാധിതരായവര്‍ക്ക് അധിക സംരക്ഷണം നല്‍കുന്നു എന്നത് സന്തോഷകരമാണ്.

Post a Comment

أحدث أقدم