ജി.എം.യു.പി.സ്കൂൾ പള്ളിക്കരയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന് തുടക്കം

(www.kl14onlinenews.com)
(29-Jan-2023)

ജി.എം.യു.പി.സ്കൂൾ പള്ളിക്കരയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന് തുടക്കം
ബേക്കൽ: വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സാമൂഹിക മനോഭാവവും സഹജീവി സ്നേഹവും വളർത്തിയെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം ജി.എം.യു.പി സ്കൂൾ പള്ളിക്കരയിൽ പ്രവർത്തനം ആരംഭിച്ചു. 3 ദിവസങ്ങളിലായി നടന്ന സഹവാസ ക്യാമ്പിൽ തെരെഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. കുമാരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. AEO ശ്രീ പി.കെ. സുരേഷ് കുമാർ, പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുൾ മജീദ് , മദർ പിടി എ പ്രസിഡന്റ് ശ്രീമതി ഫാത്തിമ റഹീം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ രോഹിണി ടീച്ചർ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സിവിക്കുട്ടി വർഗ്ഗീസ് സ്വാഗതവും SRG കൺവീനർ ദിപിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ക്യാമ്പിൽ കുട്ടികളുടെ  വിവിധ കലാപരിപാടികളും , വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകളും നടന്നു. പ്രധാന പ്രവർത്തനമായ സോപ്പ് നിർമ്മാണത്തിലൂടെ ലഭിക്കുന്ന വരുമാനം സാന്ത്വന സ്പർശത്തിന്റെ ഭാഗമായി അർഹരായ  ഗുണഭോക്താക്കൾക്ക് നൽകാൻ കുട്ടികളെ സജ്ജരാക്കി മാറ്റാനും ക്യാമ്പ് പ്രവർത്തനത്തിലൂടെ സാധ്യമായി. സൗഹൃദം, പ്രഥമ ശുശ്രൂഷയും  രോഗപ്രതിരോധ മാർഗ്ഗങ്ങളും എന്നീ വിഷയങ്ങളെ കുറിച്ചും ക്ലാസുകൾ സംഘടിപ്പിച്ചു. പാഴ്‌വസ്തുക്കളുടെ പുനരുപയോഗത്തിന്റെ ഭാഗമായി കുട്ടികൾക്ക് ന്യൂസ് പേപ്പർ കൊണ്ട് ഡസ്റ്റ് ബിൻ നിർമ്മിക്കുന്നതിനും  അവ ക്ലാസ് റൂമുകളിൽ ഉപയോഗിക്കുന്നതിനുമുള്ള പരിശീലനം നൽകാനും ക്യാമ്പിലൂടെ സാധിച്ചു.

Post a Comment

Previous Post Next Post