ഹർത്താൽ ജപ്തി; കോടതിയുടെ അതിവേഗ ഇടപെടൽ, സർക്കാറിന് സമ്മർദമേറും

(www.kl14onlinenews.com)
(21-Jan-2023)

ഹർത്താൽ ജപ്തി; കോടതിയുടെ അതിവേഗ ഇടപെടൽ, സർക്കാറിന് സമ്മർദമേറും
കൊച്ചി: പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താലിനെതിരെ അസാധാരണ വേഗത്തിലും ഗൗരവത്തിലും ഹൈകോടതി നടത്തിയ ഇടപെടൽ സംസ്ഥാനസർക്കാറിന് ബാധ്യതയാകും. കോടതിയുടെ കർശന നിർദേശത്തെ തുടർന്ന് പോപുലർ ഫ്രണ്ടിന്‍റെയും പ്രവർത്തകരുടെയും സ്വത്തുവകകൾ കണ്ടുകെട്ടിയ സർക്കാർ വരും കാലത്തെ മിന്നൽ പണി മുടക്കുകൾക്കെതിരെയും സമാന നടപടികൾക്ക് നിർബന്ധിതരാവും.

ഏഴു ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ നടത്തുന്ന മിന്നൽ ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ 2019 ജനുവരി ഏഴിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹർത്താൽ നടത്തുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കാൾ വലുതാണ് ജീവിക്കാനും ഉപജീവനത്തിന് തൊഴിലെടുക്കാനുമുള്ള മൗലികാവകാശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.

ജനജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹരജിയാണ് അന്ന് പരിഗണിച്ചത്. ഈ ബെഞ്ചിന്‍റെ ഭാഗമായിരുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്തു വകകൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. മുൻവിധിക്കുശേഷം നടന്ന മിന്നൽ ഹർത്താൽ എന്ന നിലയിലാണ് ഈ നടപടി.

നാശനഷ്ട പരിഹാരമായി രണ്ടാഴ്ചക്കകം 5.20 കോടി രൂപ കെട്ടിവെക്കണമെന്ന് പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ സ്വീകരിച്ച ഹരജിയിൽ സെപ്റ്റംബർ 29 ന് ഉത്തരവിട്ടിരുന്നു. തുക കെട്ടി െവച്ചില്ലെങ്കിൽ സംഘടനയുടെയും സെക്രട്ടറിയടക്കമുള്ള നേതാക്കളുടെയും സ്വത്തുക്കളിൽനിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക കണ്ടുകെട്ടാൻ ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്നും നിർദേശിച്ചു. പി.എഫ്.ഐ ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രതിയാക്കാൻ കോടതി നിർദേശിച്ചു. പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ അധികമായി ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് നിർദേശം നൽകി.

നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് കണ്ടെത്താൻ നിയോഗിക്കപ്പെട്ട ക്ലെയിം കമീഷണർ അഡ്വ. പി.ഡി. ശാർങ്ഗധരന് സർക്കാർ സൗകര്യമൊരുക്കണമെന്നും മൂന്നാഴ്ചക്കകം പ്രവർത്തനം തുടങ്ങണമെന്നും നിർദേശിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 2019ൽ നടന്ന ഹർത്താൽ സംബന്ധിച്ച ഹരജിയിലാണ് ക്ലെയിം കമീഷണറും നഷ്ടപരിഹാരം ഈടാക്കലുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങളുണ്ടായത്. അന്നത്തെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടും ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ശബരിമല കര്‍മസമിതി, ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി നേതാക്കളെ കൂടി ഉള്‍പ്പെടുത്താനായിരുന്നു വാക്കാൽ നിർദേശം. ഹര്‍ത്താലില്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടം കൂടി കണ്ടെത്തിയശേഷം നഷ്ടപരിഹാരം സംബന്ധിച്ച ക്ലെയിം കമീഷണറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ, അന്ന് ജപ്തിനടപടിയിലേക്ക് എത്തിയിരുന്നില്ല. ഹര്‍ത്താലില്‍ പൊതു -സ്വകാര്യ സ്വത്തിനുണ്ടായ നഷ്ടം ഉത്തരവാദികളില്‍നിന്ന് ഈടാക്കാമെന്നും ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കണമെന്നും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിപ്രകാരമാണ് ഹൈകോടതിയുടെ വിലയിരുത്തലുണ്ടായത്. തുടർന്നാണ് പോപുലർ ഫ്രണ്ടിന്‍റെ ഹർത്താലുണ്ടാകുന്നതും കോടതി അതിവേഗത്തിൽ ഇടപെടുന്നതും. നടപടിക്ക് വൈകിയ സർക്കാറിന് അന്ത്യശാസനം നൽകി കോടതി വേഗം കൂട്ടി. പോപുലർ ഫ്രണ്ടിനെതിരെ ജപ്തിനടപടികൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡോ. വി.വേണു കോടതിയിൽ നേരിട്ടെത്തി മാപ്പ് പറഞ്ഞു.

രജിസ്ട്രേഷൻ ഐ.ജി നൽകിയ പട്ടികയിലുള്ള സ്വത്തുക്കളുടെ റവന്യൂ റിക്കവറിയുടെ ആദ്യഘട്ടം ജനുവരി 15നകം തീർക്കുമെന്നും തുടർന്നുള്ള ഒരു മാസത്തിനകം ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി. ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അന്ത്യശാസനം നൽകിയ കോടതി നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിെവക്കാനുള്ള നിർദേശം പാലിക്കാത്ത സാഹചര്യത്തിൽ മുൻകൂർ നോട്ടീസ് നൽകാതെ തുക ഈടാക്കാൻ ജനുവരി 18ന് ഉത്തരവിട്ടു.

റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമായിരുന്നു ഇത്. ജപ്‌തി നടപടികൾ എത്രയുംവേഗം പൂർത്തിയാക്കി ജനുവരി 23ന് സർക്കാർ റിപ്പോർട്ട് നൽകണം. തുടർന്നാണ് വ്യാപകമായ സ്വത്തു കണ്ടുകെട്ടൽ നടന്നത്

Post a Comment

أحدث أقدم