കനത്ത സുരക്ഷ നല്‍കുമെന്ന് പൊലീസ്; ജോഡോ യാത്ര നാളെ പുനരാരംഭിക്കും

(www.kl14onlinenews.com)
(27-Jan-2023)

കനത്ത സുരക്ഷ നല്‍കുമെന്ന് പൊലീസ്; ജോഡോ യാത്ര നാളെ പുനരാരംഭിക്കും
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ്. രാവിലെ ഒന്‍പത് മണിക്ക് അനന്ത്‌നാഗില്‍ നിന്നാണ് യാത്ര പുനരാരംഭിക്കുക. യാത്രയ്ക്ക് കനത്ത സുരക്ഷ നല്‍കുമെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. യാത്രയ്ക്ക് നല്‍കേണ്ട സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും 10 കമ്പനി കശ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തിയ വിവരം കോണ്‍ഗ്രസ് നേതൃത്വം പൊലീസിനെ അറിയിച്ചില്ല. യാത്ര നിര്‍ത്തുന്നതിന് മുന്‍പ് പൊലീസിനോട് ചര്‍ച്ച ചെയ്തില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.

കശ്മീരില്‍ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡില്‍ ഇരട്ട സ്‌ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറില്‍ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കുന്നത്. രണ്ട് ഡസനോളം ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക.

Post a Comment

Previous Post Next Post