ലൈംഗിക ചൂഷണം തള്ളി ഫെഡറേഷൻ പ്രസിഡന്റായ ബി ജെ പി എം പി; പ്രതിഷേധം തുടരുമെന്ന് റസ്ലിംഗ് താരങ്ങൾ

(www.kl14onlinenews.com)
(19-Jan-2023)

ലൈംഗിക ചൂഷണം തള്ളി ഫെഡറേഷൻ പ്രസിഡന്റായ ബി ജെ പി എം പി; പ്രതിഷേധം തുടരുമെന്ന് റസ്ലിംഗ് താരങ്ങൾ
ഡൽഹി : ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതര ആരോപണങ്ങളുയർത്തി റസ്ലിംഗ് താരങ്ങൾ രംഗത്തെത്തിയതോടെ പ്രതികരണവുമായി ബി ജെ പി എം പിയും റസ്ലിംഗ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗ് രംഗത്തെത്തി. കായിക താരങ്ങളുയർത്തിയ ലൈംഗിക ആരോപണങ്ങളടക്കം നിഷേധിച്ചുകൊണ്ടാണ് ബി ജെ പി എം പി ബ്രിജ് ഭൂഷൺ സിംഗ് രംഗത്തെത്തിയത്. ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ സിംഗ് ഇക്കാര്യം സത്യമെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്നും പ്രഖ്യാപിച്ചു.

അതിനിടെ റസ്ലിംഗ് താരങ്ങൾ ദില്ലിയിലെ ജന്തർ മന്തിലിൽയുടെ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധം തുടരുമെന്നും നാളെ ശക്തമായ പ്രതിഷേധവുമായി എത്തുമെന്നും വ്യക്തമാക്കിയാണ് കായിക താരങ്ങൾ മടങ്ങിയത്. ജന്തർ മന്തിലിൽ രാത്രികാല സമരങ്ങൾക്ക് വിലക്കുണ്ട്. ഇത് മാനിച്ചാണ് ഇന്ന് പ്രതിഷേധം അവസാനിപ്പിച്ചതെന്നും നാളെ രാവിലെ പത്തുമണി മുതൽ പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള പ്രതിഷേധം നടത്തില്ലെന്നും അവർ വിശദീകരിച്ചു

റസ്ലിംങ്ങ് ഫെഡറേഷനെതിരായ ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതരാരോപണങ്ങളിൽ താരങ്ങൾ ഉറച്ചുനിൽക്കുകയാണ്. ബി ജെ പി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ കായിക താരങ്ങൾ ചൂഷണം നേരിട്ടു എന്ന് പറഞ്ഞ വിനേഷ് ഫോഗത്, പരിശീലന ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നും വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും അവർ വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്.

Post a Comment

Previous Post Next Post