(www.kl14onlinenews.com)
(14-Jan-2023)
ഗുജറാത്ത്: വീഡിയോ കോള്‍ കെണിയില്‍ പെടുത്തി വ്യവസായില്‍ നിന്നും തട്ടിപ്പ് സംഘം 2.69 കോടി രൂപ കവര്‍ന്നു. റിന്യൂവബിള്‍ എനര്‍ജി സ്ഥാപനം നടത്തുന്ന വ്യവസായിയുടെ പക്കല്‍ നിന്നാണ് സംഘം കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. വ്യവസായിയുടെ നഗ്ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം പണം തട്ടിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യവസായിയുടെ ഫോണിലേക്ക് ഒരു സ്ത്രീയില്‍ നിന്നും വീഡിയോ കോള്‍ വന്നിരുന്നു. മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്നുളള വീഡിയോ കോളിലൂടെയാണ് വ്യവസായിയുടെ നഗ്ന വീഡിയോ ക്ലിപ്പുകള്‍ സ്ത്രീക്ക് ലഭിക്കുന്നത്. പിന്നീട് പണം ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. 50,000 രൂപ നല്‍കണമെന്നായിരുന്നു സ്തീയുടെ ആവശ്യം. സംഭവത്തില്‍ ഭയന്ന വ്യവസായി പണം നല്‍കുകയായിരുന്നു.
എന്നാല്‍ പിന്നീടിങ്ങോട്ട് ഭീഷണികള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. ഡല്‍ഹി പൊലീസിലെ ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേനയും സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേനയും സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയും ധാരാളം പേരാണ് വ്യവസായിയെ ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടിയെടുത്തത്. ഇതിന് പുറമെ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അവകാശപ്പെട്ടും യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചു എന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നും പറഞ്ഞ് വീണ്ടും ലക്ഷക്കണക്കിന് തുക തട്ടിയെടുത്തു. ഇങ്ങനെ പലതരത്തില്‍ ഡിസംബര്‍ 15 വരെ ഇയാളില്‍ നിന്നും തട്ടിപ്പ് സംഘം 2.69 കോടി രൂപ തട്ടിയെടുത്തു.
പിന്നീട് കേസ് അവസാനിപ്പിച്ചുവെന്ന് കാണിച്ചുകൊണ്ട് ഇവര്‍ വ്യവസായിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവ് നല്‍കി. എന്നാല്‍ അത് വ്യാജമാണെന്ന് മനസിലായതോടെയാണ് വ്യവസായി സൈബര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. 11പേര്‍ക്കെതിരെയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Post a Comment