അത്യാഡംബരം; അറ്റ്ലാന്റിസ് സന്ദർശിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

(www.kl14onlinenews.com)
(21-Jan-2023)

അത്യാഡംബരം; അറ്റ്ലാന്റിസ് സന്ദർശിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ് :പാം ജുമൈറ ദ്വീപിലെ അത്യാഡംബര ഹോട്ടലായ അറ്റ്ലാന്റിസ് ദി റോയൽ സന്ദർശിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഹോട്ടൽ വാസ്തുവിദ്യയിലെ ഏറ്റവും മികച്ച സൃഷ്ടിയും ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടുമായിരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അൽ മക്തൂം വ്യക്തമാക്കി.

രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തത്തിന് യുഎഇയും ദുബായും ശ്രമിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വകാര്യ മേഖല ദുബായുടെ വികസന യാത്രയിൽ പ്രധാന പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് ഹോട്ടലിന്റെ നിർമാണം.
ലോകത്തിലെ പ്രമുഖ ഡിസൈനർമാരും ആർക്കിടെക്റ്റുകളും കലാകാരന്മാരും ചേർന്നാണ് അറ്റ്ലാന്റിസ് ദി റോയൽ രൂപകൽപന ചെയ്തിരിക്കുന്നത്. ടെട്രിസ് ബ്ലോക്കുകളുടെ ആകൃതിയിലാണ് നിർമാണം. 90x33 മീറ്റർ സ്കൈ ബ്രിഡ്ജ് ബന്ധിപ്പിച്ചിരിക്കുന്ന ആറ് ടവറുകളും ഉണ്ട്.
ഹോട്ടൽ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് ഹോട്ടലിന്റെ ഇന്റീരിയർ ഡിസൈനിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മനോഹരമായ വാട്ടർ ഫാൾസ്, ശിൽപങ്ങൾ, വർണ്ണ പാലറ്റുകൾ എന്നിവയാൽ ഹോട്ടലിന്റെ അകത്തളങ്ങൾ മനോഹരമാണ്.

43 നിലകളിലായി 795 മുറികൾ ഉള്ള ആഡംബര ഹോട്ടൽ ഫെബ്രുവരി 10 ന് ഔദ്യോഗികമായി തുറക്കും. 406,000 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യും.

വിനോദസഞ്ചാരത്തിനും വ്യാവസായത്തിനും വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള നഗരങ്ങളിൽ ഒന്നായി ദുബായുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള സാമ്പത്തിക അജണ്ട ഡി 33യുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് അറ്റ്ലാന്റിസ് ദി റോയൽ.

Post a Comment

Previous Post Next Post