പ്രതീക്ഷയുടെ 136 ദിവസം; ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ശ്രീനഗറില്‍ സമാപനം

(www.kl14onlinenews.com)
(30-Jan-2023)

പ്രതീക്ഷയുടെ 136 ദിവസം; ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ശ്രീനഗറില്‍ സമാപനം
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിച്ച കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ശ്രീനഗറിലാണ് സമാപന സമ്മേളനം. 23 കക്ഷികളില്‍ 12 കക്ഷികളുടെ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ശേർ എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും. ഇതോടെ ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോ​ഗിക പരിസമാപ്തിയാകും.
സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെ പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പതാക ഉയര്‍ത്തിയശേഷം 'ഇന്ത്യയ്ക്ക് നല്‍കിയ വാഗ്ദാനം ഇന്ന് നിറവേറ്റി'യെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ലാൽ ചൗക്കിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. ലാല്‍ ചൗക്കില്‍ ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് രാഹുലിന്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവാണ്. 1948ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകന്‍ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള നെഹ്രുവുമായുള്ള സഖ്യം പ്രഖ്യാപിച്ചപ്പോളായിരുന്നു ആദ്യമായി ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നത്.

136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവർക്കുപിന്നാലെ ശനിയാഴ്ച കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയും യാത്രയിൽ പങ്കാളിയായിരുന്നു. കശ്മീരിൽ പിഡിപിയുടെയും നാഷണൽ കോൺഫറൻസിന്റെയും പ്രവർത്തകരും ജാഥയിലുടനീളം പങ്കെടുത്തു.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി. വിവിധ ജില്ലകളിലൂടെയുളള യാത്രയിൽ പ്രതിപക്ഷപാർട്ടി നേതാക്കളും എഴുത്തുകാരും ചലച്ചിത്രതാരങ്ങളും കായിക താരങ്ങളും സൈനികരും പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post