ഖത്തർ ദേശീയ ദിനം: ആഘോഷ പതിനെട്ട്;ലോകകപ്പ് ഫൈനലും ദേശീയ ദിനവും ഒരുമിച്ച്, പൊതു അവധി

(www.kl14onlinenews.com)
(13-DEC-2022)

ഖത്തർ ദേശീയ ദിനം:
ആഘോഷ പതിനെട്ട്;ലോകകപ്പ് ഫൈനലും ദേശീയ ദിനവും ഒരുമിച്ച്, പൊതു അവധി
ദോഹ:ലോകകപ്പ് ആതിഥേയത്വത്തോടൊപ്പം ദേശീയ ദിനാഘോഷത്തിന് കൂടി ഒരുങ്ങി രാജ്യം. സുവനീറുകളും പതാകകളുമായി വിപണികളും ഉണർന്നിരിക്കുന്നു.

ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ദേശീയ ദിന മുദ്രാവാക്യം. 22-ാമത് ഫിഫ ലോകകപ്പിന്റെ ജേതാവിനെ നിർണയിക്കുന്ന ഫൈനൽ ദിനം കൂടിയാണിത് ഇതെന്നത് ആഹ്ലാദം ഇരട്ടിയാക്കുന്നു. വിവിധ രാജ്യക്കാരായ ലോകകപ്പ് സന്ദർശകർക്കും ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വേദിയായ ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായിയിൽ നവംബർ 25 മുതൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഖത്തറിന്റെ തനത് സാംസ്‌കാരിക, പൈതൃക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന 4,500 ഓളം പരിപാടികളാണ് ദർബ് അൽ സായിയിൽ പുരോഗമിക്കുന്നത്.

ലോകകപ്പ് അലങ്കാരങ്ങൾക്ക് പുറമെ ദേശീയ ദിനാഘോഷങ്ങളുടെ കൊടിതോരണങ്ങളും ഉയർന്നു കഴിഞ്ഞു. കാൽപന്തുകളിയുടെ ആരവത്തിനൊപ്പം ദേശീയ ദിനത്തിന്റെ ആവേശവും രാജ്യമെങ്ങും അലയടിച്ചു തുടങ്ങി. സ്വദേശി വീടുകളുടെയും ഓഫിസുകളുടെയും മുൻപിലും മേൽക്കൂരകളിലും വാഹനങ്ങളിലുമെല്ലാം വലുതും ചെറുതുമായ ദേശീയ പതാകകളും പതാകയുടെ നിറങ്ങളിലുള്ള കൊടിതോരണങ്ങളും ഉയർന്നു തുടങ്ങി.

ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പാശ്ചാത്യ നാടുകളിൽ നിന്നെത്തിയവരെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ശിരോവസ്ത്രമായ ഗത്‌റയണിഞ്ഞാണ് മിക്കവരും ലോകകപ്പ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ദേശീയ ദിനാഘോഷത്തിലും വിദേശീയരുടെ പങ്കാളിത്തമുണ്ടാകും. ചെറു പതാകകൾ, ദേശീയ പതാകയുടെ നിറങ്ങളിലെ വസ്ത്രങ്ങൾ, സുവനീറുകൾ, ദേശീയ ചിഹ്നം പതിപ്പിച്ച പാത്രങ്ങൾ, കപ്പുകൾ എന്നിവ വിപണിയിൽ ധാരാളമായി എത്തിയിട്ടുണ്ട്.

ദേശീയ ദിനമായ 18ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.

Post a Comment

Previous Post Next Post