(www.kl14onlinenews.com)
(14-DEC-2022)
ദോഹ :അൽ ബെയ്ത് സ്റ്റേഡിയത്തിൽ അസാമാന്യ മികവോടെ പൊരുതിനിന്ന മൊറോക്കോയുടെ പോരാട്ടവീര്യത്തെ നിർവീര്യമാക്കി മത്സരത്തിന്റെ ഇരുപകുതികളിലുമായി എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ! സ്റ്റേഡിയത്തെ ചുവപ്പണിയിച്ച് ഓരോ സെക്കൻഡിലും ആർത്തുവിളിച്ച ആരാധകക്കൂട്ടത്തിനു നടുവിൽ അസാധ്യമായ പോരാട്ടം കാഴ്ചവച്ച മൊറോക്കോയെ ഖത്തറിൽനിന്ന് മടക്കിയയ്ക്കാൻ ഫ്രാൻസിന് ആ രണ്ടു ഗോളുകൾ ധാരാളമായിരുന്നു. ആവേശം വാരിവിതറിയ സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5–ാം മിനിറ്റ്), കോളോ മുവാനി (79–ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. കലാശപ്പോരിനും ഒരു ദിവസം മുൻപേ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ, ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും.
ലോകകപ്പിൽ കഴിഞ്ഞ 26 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് അൽ ബെയ്തിൽ ഫ്രാൻസ് ജയിച്ചുകയറിയത്. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി.
∙ ഗോളുകൾ വന്ന വഴി
ഫ്രാൻസ് ആദ്യ ഗോൾ: മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റ് പൂർത്തിയാകും മുൻപേ നയം പ്രഖ്യാപിച്ച് ഫ്രാൻസ് ആദ്യ ഗോൾ നേടി. ഇരു ടീമുകളും ആദ്യ അവസരത്തിനായി തക്കം പാർത്തു നിൽക്കുന്നതിനിടെ ഫ്രഞ്ച് മുന്നേറ്റം മൊറോക്കോ ബോക്സിലേക്ക്. റാഫേൽ വരാനെയിൽ നിന്ന് അന്റോയ്ൻ ഗ്രീസ്മൻ വഴി ബോക്സിനുള്ളിൽ ലഭിച്ച പന്തിൽ കിലിയൻ എംബപെയുടെ കിടിലൻ ഷോട്ട്. മൊറോക്കോയുടെ പ്രതിരോധത്തിൽത്തട്ടിത്തെറിച്ച പന്ത് ബോക്സിന്റെ ഇടതുഭാഗത്ത് പോസ്റ്റിനോടു ചേർന്ന് തിയോ ഹെർണാണ്ടസിലേക്ക്. പന്തിനായി മുന്നോട്ടു കയറിയെത്തിയ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോണോയെ കാഴ്ചക്കാരനാക്കി ക്ലോസ് റേഞ്ചിൽനിന്നും അപാരമായ ശാരീരിക മികവോടെ തിയോ ഹെർണാണ്ടസിന്റെ കിടിലൻ ഷോട്ട് വലയിലേക്ക്. സ്കോർ 1–0.
ഫ്രാൻസ് രണ്ടാം ഗോൾ: ആദ്യ ഗോൾ വഴങ്ങിയ അഞ്ചാം മിനിറ്റു മുതൽ സമനില ഗോളിനായി മൊറോക്കോ ചെലുത്തിയ സകല സമ്മർദ്ദങ്ങളുടെയും മുനയൊടിച്ച് ഫ്രാൻസിന്റെ രണ്ടാം ഗോൾ പിറന്നത് 79–ാം മിനിറ്റിൽ. ഗോളിനു വഴിയൊരുക്കിയത് മത്സരത്തിലുടനീളം അധ്വാനിച്ചു കളിച്ച കിലിയൻ എംബപെ. ഗോൾ നേടിയത് വെറും 44 സെക്കൻഡ് മുൻപു മാത്രം ദിദിയെ ദെഷാം പകരക്കാരനായി അവതരിപ്പിച്ച കോളോ മുവാനി. ബോക്സിനു വെളിയിൽനിന്ന് പന്തുമായി മുന്നോട്ടുകയറി മാർക്കസ് തുറാം നൽകിയ പാസ് കിലിയൻ എംബപെയ്ക്ക്. പന്തു പിടിച്ചെടുത്ത് മൊറോക്കോ പ്രതിരോധത്തിനിടയിലൂടെ നൃത്തം ചെയ്ത് മുന്നോട്ടുകയറിയ എംബപെ അത് സെക്കൻഡ് പോസ്റ്റിനു സമീപം കോളോ മുവാനിക്കു നീട്ടിനൽകി. നിരങ്ങിയെത്തിയ മൊറോക്കോ ഗോൾകീപ്പർ യാസീൻ ബോണോയുടെ പ്രതിരോധം തകർത്ത് മുവാനിയുടെ ഫിനിഷ്. പകരക്കാരനായെത്തി ഒരു മിനിറ്റു തികയും മുൻപേ ഫ്രഞ്ച് ജഴ്സിയിൽ മുവാനിയുടെ ആദ്യ ഗോൾ. സ്കോർ 2–0.
∙ ആദ്യപകുതിയിൽ ഫ്രഞ്ച് വാഴ്ച
കിക്കോഫ് വിസിലിനു ശേഷം കാണികൾ സീറ്റുകളിൽ ഇരിപ്പുറപ്പിക്കും മുൻപേ ഫ്രാൻസ് ലീഡു പിടിക്കുന്ന കാഴ്ചയോടെയാണ് കളം ഉണർന്നതു തന്നെ. തിയോ ഹെർണാണ്ടസിലൂടെ അഞ്ചാം മിനിറ്റിൽത്തന്നെ ലീഡ് നേടിയ ഫ്രാൻസ് നിലപാട് വ്യക്തമാക്കി. അഞ്ചാം മിനിറ്റിൽത്തന്നെ ഗോൾ വഴങ്ങിയിട്ടും അത് തെല്ലും ഏശിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കളത്തിൽ മൊറോക്കോയുടെ പ്രകടനം. യാതൊരു പതർച്ചയുമില്ലാതെ തുടർന്നും പന്തു തട്ടിയ അവർ എട്ടാം മിനിറ്റിൽത്തന്നെ സമനില ഗോളിന് തൊട്ടടുത്തെത്തിയതാണ്. ഫ്രഞ്ച് ബോക്സിലേക്ക് മൊറോക്കോ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനിടെ ബോക്സിനു പുറത്തുനിന്നും പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി അസദീൻ ഔനാഹിയുടെ തകർപ്പൻ ലോങ് റേഞ്ചർ. പന്ത് പോസ്റ്റിലേക്ക് കയറുമെന്ന് കരുതിയിരിക്കെ ഇടത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഒറ്റക്കൈ കൊണ്ട് അപകടം ഒഴിവാക്കി.
17–ാം മിനിറ്റിൽ മൊറോക്കോയുടെ മുന്നേറ്റം തടഞ്ഞ് ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്ന് അവർ രണ്ടാം ഗോൾ നേടേണ്ടതായിരുന്നു. മൊറോക്കോ നായകൻ റൊമെയ്ൻ സെയ്സിൽനിന്ന് പിടിച്ചെടുത്ത പന്തിൽ ഒളിവർ ജിറൂദ് പായിച്ച ബുള്ളറ്റ് വോളി ഗോൾകീപ്പർ യാസീൻ ബോണോയുടെ നീട്ടിയ കൈകളെ മറികടന്നെങ്കിലും പോസ്റ്റിൽത്തട്ടി പുറത്തേക്ക് തെറിച്ചു. ഇതിനു പിന്നാലെ പരുക്കിന്റെ ലക്ഷണങ്ങൾ കാട്ടിയ നായകൻ റൊമെയ്ൻ സെയ്സിനെ പിൻവലിച്ച് മൊറോക്കോ പരിശീലകൻ സെലിം അമല്ലായെ കളത്തിലിറക്കി.
36–ാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോളിന് അടുത്തെത്തി. മൊറോക്കോ ബോക്സിൽനിന്ന് ഫ്രഞ്ച് താരങ്ങൾ സംഘടിപ്പിച്ച കൗണ്ടർ അറ്റാക്കിനൊടുവിൽ ചൗമേനി മൊറോക്കോ ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് ഓടിപ്പിടിച്ച് കിലിയൻ എംബപെയുടെ മറ്റൊരു ഷോട്ട്. പന്ത് കാലിൽക്കൊരുത്തത് തെല്ലു പാളിയെങ്കിലും എംബപെ തൊടുത്ത ഷോട്ട് പോസ്റ്റിനു മുന്നിൽ അച്റഫ് ഹക്കീമി രക്ഷപ്പെടുത്തി. റീബൗണ്ടിൽനിന്ന് പന്തു പിടിച്ചെടുത്ത് തിയോ ഹെർണാണ്ടസ് ബോക്സിനുള്ളിൽ ജിറൂദിനു നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഇടതുപോസ്റ്റിനെ ചാരി പുറത്തുപോയി. പിന്നാലെ 40–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മൻ കോർണറിൽനിന്ന് ഉയർത്തിവിട്ട പന്ത് റാഫേൽ വരാൻ പോസ്റ്റിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പോസ്റ്റിൽ ചാരി പുറത്തുപോയി.
ഇതിനിടെ 45–ാം മിനിറ്റിൽ മൊറോക്കോയ്ക്ക് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ഹാക്കിം സിയേഷ് കോർണറിൽനിന്ന് ഉയർത്തിവിട്ട പന്തിൽ മൊറോക്കോ ഡിഫൻഡർ എൽ യമിഖിയുടെ തകർപ്പൻ ഓവർഹെഡ് കിക്ക്. ഫ്രഞ്ച് പ്രതിരോധം കാഴ്ചക്കാരായി നിൽക്കെ പന്ത് പോസ്റ്റിൽത്തട്ടി പുറത്തേക്ക് തെറിച്ചു. ലക്ഷ്യം കണ്ടിരുന്നെങ്കിൽ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളായി എണ്ണേണ്ടിയിരുന്ന ഷോട്ട്!
∙ മാറ്റവുമായി മൊറോക്കോ
ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാകാതെ പോയതിന്റെ ക്ഷീണം മാറ്റാൻ ഒരു മാറ്റവുമായാണ് മൊറോക്കോ രണ്ടാം പകുതിക്ക് ഇറങ്ങിയത്. പരുക്കേറ്റ നൗസയ്ർ മസ്റൂയ്ക്ക് പകരം അത്തിയത് അല്ലാ കളത്തിലിറങ്ങി. ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനത്തോടെയാണ് മൊറോക്കോ രണ്ടാം പകുതി ആരംഭിച്ചത്. അസാധ്യ നീക്കങ്ങളുമായി ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിച്ച മൊറോക്കോയ്ക്ക് സമനില ഗോൾ നേടാനാകാതെ പോയത് നിർഭാഗ്യം കൊണ്ടു മാത്രം. ഇബാഹിമ കൊനാട്ടെ, റാഫേൽ വരാനെ എന്നിവരുടെ നിർണായകമായ രണ്ടു സേവുകളാണ് നിലവിലെ ചാംപ്യൻമാരെ രക്ഷപ്പെടുത്തിയത്.
മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ മൊറോക്കോ പരിശീലകൻ യൂസഫ് എൻ നെസിരി, സോഫിയാൻ ബുഫൽ എന്നിവരെ പിൻവലിച്ച് ഹംദല്ല, അബൂഖലാൽ എന്നിവരെ കളത്തിലിറക്കി. ഫ്രഞ്ച് നിരയിൽ ഒളിവർ ജിറൂദിനു പകരം മാർക്കസ് തുറാമിനെയും രംഗത്തിറക്കി. ഇതിനിടെ 79–ാം മിനിറ്റിൽ വരുത്തിയ മറ്റൊരു മാറ്റം ഫ്രാൻസിന് സമനില ഗോൾ സമ്മാനിച്ചു. വലതുവിങ്ങിൽ പതിവിലും നിറംമങ്ങിയ ഒസ്മാൻ ഡെംബെലെയ്ക്കു പകരം ദിദിയെ ദെഷാം കളത്തിലിറക്കിയത് ഇരുപത്തിനാലുകാരൻ കോളോ മുവാനിയെ. കളത്തിലിറങ്ങി 44–ാം സെക്കൻഡിൽ കിലിയൻ എംബപെ ഒരുക്കിക്കടുത്ത അവസരം മുതലെടുത്ത് മുവാനി ഫ്രാൻസിന്റെ ലീഡ് വർധിപ്പിച്ചു.
∙ രണ്ടു മാറ്റങ്ങളുമായി 2 ടീമുകളും!
ക്വാർട്ടർ ഫൈനലിൽ ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഫ്രാൻസും മൊറോക്കോയും സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് നിരയിൽ അസുഖബാധിതരായ അഡ്രിയാൻ റാബിയോ, ദായൊത്ത് ഉപമെക്കാനോ എന്നിവർക്കു പകരം ഇബാഹിമ കൊനാട്ടെ, യൂസഫ് ഫൊഫാന എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ വീഴ്ത്തിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മൊറോക്കോ ഫ്രാൻസിനെതിരെ സെമിയിൽ ഇറങ്ങുന്നത്. യഹിയ അത്തിയത്, സെലിം അമല്ലാ എന്നിവർക്കു പകരം നൗസയ്ർ മസ്റൂയ്, നയെഫ് അഗ്വെർദ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.
Post a Comment