കുടുംബസമേതം യാത്ര ചെയ്യവേ കവർച്ചാ ശ്രമത്തിനിടയിൽ അക്രമികളുടെ വെടിയേറ്റ് നടി കൊല്ലപ്പെട്ടു

(www.kl14onlinenews.com)
(29-DEC-2022)

കുടുംബസമേതം യാത്ര ചെയ്യവേ കവർച്ചാ ശ്രമത്തിനിടയിൽ അക്രമികളുടെ വെടിയേറ്റ് നടി കൊല്ലപ്പെട്ടു
ഹൗറ (ബംഗാള്‍): ജാർഖണ്ഡ് നടി റിയ കുമാറിനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ കൊലപ്പെടുത്തിയത്. ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെയാണു നടിക്കു വെടിയേറ്റതെന്നു പൊലീസ് വ്യക്തമാക്കി. കൊൽക്കത്തയിലേക്കു കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. റിയ കുമാരി, ഭർത്താവും നിർമാതാവുമായ പ്രകാശ് കുമാർ, രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാർ നിർത്തി ഇവർ പുറത്തിറങ്ങിയ സമയത്താണ് മൂന്നം​ഗ അക്രമി സംഘം കവർച്ചക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രകാശ് കുമാറിനെ ആക്രമിക്കുന്നത് കണ്ട റിയ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്. റിയയ്ക്കു വെടിയേറ്റതോടെ സംഘം മുങ്ങി. സഹായം തേടി പരിക്കേറ്റിട്ടും പ്രകാശ് മൂന്ന് കിലോമീറ്റർ വാഹനമോടിച്ചു. ഒടുവിൽ പ്രദേശവാസികൾ എത്തി എസ്‌സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ റിയയെ എത്തിക്കാൻ സഹായിച്ചു.

എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ തന്നെ റിയ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. കാർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് വിശദീകരിച്ചു.

Post a Comment

Previous Post Next Post