ഷുക്കൂർ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് വെളിപ്പെടുത്തൽ

(www.kl14onlinenews.com)
(28-DEC-2022)

ഷുക്കൂർ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് വെളിപ്പെടുത്തൽ
കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാൻ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെതായി വെളിപ്പെടുത്തൽ. കണ്ണൂരിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകനായ ടി പി ഹരീന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയത്.

അന്നത്തെ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ടി പി ഹരീന്ദ്രൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സിപിഎമ്മിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ടി പി ഹരീന്ദ്രൻ ആരോപിക്കുന്നു.

ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം മുസ്ലീം ലീഗിനുള്ളിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഇ പി ജയരാജൻ വിഷയം സിപിഎമ്മിന്‍റെ ആഭ്യന്തരകാര്യമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി നിലപാടെടുത്തത്. എന്നാൽ ഇതിനെ എതിർത്ത് കെപിഎ മജീദ്, കെ എം ഷാജി തുടങ്ങിയവർ രംഗത്തെത്തി.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി. ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പതിവ് ലീഗിനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് അവര്‍ കൈകാര്യം ചെയ്യട്ടെയെന്നും അതാണ് അതിന്റെ ശരിയെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post a Comment

أحدث أقدم