കുറ്റകൃത്യങ്ങള്‍ പഠിക്കാന്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയും; സാങ്കേതികവിദ്യയുടെ പാതയില്‍ കേരള പൊലീസ് അക്കാദമി

(www.kl14onlinenews.com)
(16-DEC-2022)

കുറ്റകൃത്യങ്ങള്‍ പഠിക്കാന്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയും; സാങ്കേതികവിദ്യയുടെ പാതയില്‍ കേരള പൊലീസ് അക്കാദമി
തിരുവനന്തപുരം: കുറ്റകൃത്യം നടന്ന സ്ഥലവും സാഹചര്യം എങ്ങനെ മനസിലാക്കാമെന്നും അവിടെ എത്തരത്തില്‍ പ്രതികരിക്കണമെന്നും ട്രെയിനികളെ പഠിപ്പിക്കുന്നതിനായി വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ് തൃശൂരിലെ പൊലീസ് അക്കാദമി.

“നിരവധി വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുക എന്നത് പ്രയാസമാണ്. അത് പരിശീലനത്തെ ബാധിക്കുകയും ചെയ്യും. വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിക്കുമ്പോള്‍ ഇത് പരിഹരിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യം നടന്ന സ്ഥലത്തുകൂടെ തന്നെ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടും,” കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ അസിസ്റ്റന്റ് മാനേജര്‍ ദീപ്തി മോഹന്‍ പറയുന്നു.


“നിങ്ങള്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയിലായിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യം ലഭിക്കും. പ്രത്യേകിച്ചും തെളിവുകള്‍ ശേഖരിക്കുന്നതും പ്രധാനപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതുമെല്ലാം,” ദീപ്തി ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

തിരുവനന്തപുരത്തെ കോവളത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക് കോൺക്ലേവ് ‘ഹഡിൽ ഗ്ലോബൽ’ ഭാഗമാണ് ദീപ്തിയും. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും (കെഡിഐ-എസ്‌സി) പോലീസ് അക്കാദമിയുടെയും സംയുക്ത സംരംഭമാണ് ഒരു വർഷത്തോളമായി അണിയറയിലുള്ള പദ്ധതി.

കേരള പൊലീസ് അക്കാദമി നല്‍കിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങളുടെ 3ഡി മോഡലുകള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുള്ളത്. “ഒരു ക്രൈം സീനിലേക്ക് പോകാതെ തന്നെ ആ സാഹചര്യം എങ്ങനെയാണെന്ന് ഒരു ട്രെയിനിയെ പഠിപ്പിക്കുക എന്നതാണ് ആശയം,” കേരള സ്റ്റാർട്ടപ്പ് മിഷനിലെ പ്രോജക്ട് എക്സിക്യൂട്ടീവ് അമൽ പിജെ പറഞ്ഞു.

Post a Comment

Previous Post Next Post